ഉത്തര്‍പ്രദേശിലെ സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിജിപി

UP-DGP
SHARE

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ആള്‍കൂട്ട ആക്രമത്തില്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച് യു.പി. ഡി.ജി.പി.. ഒരു ഇന്‍സ്‍പെക്ടര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട അക്രമത്തിന് വഴിവച്ച പശുവിനെ അറുത്ത സംഭവമാണ് ആദ്യം അന്വേഷിക്കുകയെന്നും ഡി.ജി.പി വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണിത്. അതേസമയം, സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന് കാരണമായ പശുവിനെ അറുത്ത സംഭവം വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടത്. പശുവിനെ അറുത്തവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാണ് യോഗിയുടെ നിര്‍ദേശം. അനധികൃത അറവുശാലകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും യോഗി നിര്‍ദേശിച്ചു. എന്നാല്‍, അക്രമത്തില്‍ പൊലീസ് ഇന്‍സ്‍പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങ് കൊലപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് യോഗം കടന്നില്ല. ദാദ്രിയില്‍ അഖ്‍ലാഖിനെ അടിച്ചുകൊന്ന കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാറിന്റെ കൊലയ്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഗൂഢാലോചനയുണ്ടെന്ന് സമ്മതിച്ച ഡി.ജി.പി ഒ.പി. സിങ്ങ്, എന്നാല്‍ പശുവിനെ അറുത്ത സംഭവം ആദ്യം അന്വേഷിക്കുമെന്ന് വ്യക്തമാക്കി. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ എല്ലാം പുറത്തുവരുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 

അക്രമത്തിലെ മുഖ്യപ്രതിയായ ബജ്റങ് ദള്‍ നേതാവ് യോഗേഷ് രാജിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ബുലന്ദ്ഷഹര്‍ അക്രമത്തില്‍ എസ്.ഐ.ടി ഇന്ന്  ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു തിങ്കളാഴ്ചയാണ് ബുലന്ദ്ഷഹറില്‍ വ്യാപക അക്രമം നടന്നത്. 

MORE IN INDIA
SHOW MORE