‘കൊലയാളികള്‍ രക്ഷപ്പെട്ടാല്‍ സ്വയം നിറയൊഴിക്കും..’; നെഞ്ചുനീറി ആ പൊലീസുകാരന്‍റെ ഭാര്യ

subodh-kumar-singh-ranjani-
SHARE

ഭർത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നാൽ മാത്രമേ തനിക്കു നീതി ലഭിക്കുകയുളളുവെന്നും ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രഞ്ജിനി റാത്തോർ. സംഭവത്തിൽ കുറ്റക്കാർ രക്ഷപ്പെടുകയാണെങ്കിൽ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നും രഞ്ജിനി  മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും അവർ പറഞ്ഞു. കുറ്റവാളികൾക്ക് നേരിട്ട് ശിക്ഷ വിധിക്കാൻ എനിക്കു കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ആഗ്രഹിക്കുന്നു. 

അദ്ദേഹത്തിനെതിരെ ഇതിനും മുൻപ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്മാർത്ഥതയോടെ തന്റെ ജോലി ഭംഗിയായി നിർവഹിച്ചയാളാണ് തന്റെ ഭർത്താവ്. മുൻപ് ആക്രമണങ്ങൾ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അത് നേരിട്ടു. രണ്ട് തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാൽ മാത്രമേ എനിക്ക് നീതി കിട്ടൂ. ‌

എന്റെ ഭർത്താവ് ധീരനായ ഓഫിസറായിരുന്നു. സഹപ്രവർത്തകരെ മുൻപിൽ നിന്നു നയിക്കുന്നയാൾ. എന്നാൽ സംഭവസമയത്ത് സമർത്ഥമായി സഹപ്രവർത്തകർ അദ്ദേഹത്തെ കയ്യൊഴിഞ്ഞു. മരണത്തിന് ഏർപ്പിച്ചു കൊടുത്തു– രഞ്ജിനി പറയുന്നു. എന്റെ ഭർത്താവിന്റെ െകാലയാളികളെ എന്റെ മുന്നിൽ കൊണ്ടു വരൂ... ഈ കൈകൾ കൊണ്ട് ഞാൻ ശിക്ഷ നടപ്പാക്കാം. 

അതേസമയം സംഭവം ആസുത്രിതമാണെന്നുളളതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നു. സംഘര്‍ഷമൊഴിവാക്കാന്‍ കണ്ടെടുത്ത പശുവിന്റെ അവശിഷ്ടം സംസ്‌ക്കരിക്കാനുള്ള നീക്കം പ്രതിഷേധക്കാർ ത‌‌ടഞ്ഞുവെന്ന് കരിമ്പ് പാടത്തിന്റെ ഉടമസ്ഥന്റെ ഭാര്യ പ്രീതി രാജ്കുമാർ ചൗധരി പറഞ്ഞു. ടെലഗ്രാഫാണ് ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തു വിട്ടത്.  താനും ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സംസ്‌ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം എടുത്ത് പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രീതി ദ ടെലഗ്രാഫിനോട് പറഞ്ഞു.

രാവിലെ ഏഴുമണിക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് പാടത്ത് 25 പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ഭര്‍ത്താവിന് ഫോണ്‍ വന്നു. അവിടെ ചെന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. നേരത്തെ അതവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം അവിടെ  എത്തിച്ചേരുകയാണുണ്ടായതെന്ന് പ്രീതി പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ഭയന്ന രാജകുമാര്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണ്. ‌

ബീഫ് കയ്യില്‍ വച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ചതിനാണ് സുബോധിനെ കൊന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരി ആരോപിച്ചിരുന്നു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതികള്‍ ഒളിവിലാണ്. ഇവര്‍ ബജ്റംഗ്‌ദള്‍, വി.എച്ച്.പി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ്. 

സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സുബോധ് കുമാര്‍ സിംഗിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഡ്രൈവറും രംഗത്ത് വന്നിരുന്നു. അതിർത്തി മതിലിനടുത്ത് സുബോധ് കുമാർ സിംഗ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തെ പൊക്കിയെടുത്ത് ഞാൻ െപാലീസ് ജീപ്പിലേയ്ക്ക് ഇട്ടു. വണ്ടിയെടുക്കാൻ നോക്കുമ്പോൾ ഒരു കൂട്ടം ആൾക്കാർ ജീപ്പിനു നേരേ കല്ലെറിയുകയായിരുന്നുവെന്നും പിന്നീട് തങ്ങൾക്കെതിരെ വെടിവയ്ക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും െപാലീസ് ഡ്രൈവർ മൊഴി നൽകി.

സ്വന്തം ജീവൻ രക്ഷിക്കാൻ ജീപ്പ് ഇട്ടിട്ട് ഓടുക മാത്രമേ തരമുണ്ടായിരുന്നുളളുവെന്ന് പോലീസ് ഡ്രൈവര്‍ രാം ആശ്രേ മൊഴി നൽകി. കരിമ്പുവയലിൽ മറഞ്ഞിരുന്നാണ് അവർ വെടിവച്ചത്. തലയ്ക്ക് വെടിയേറ്റായിരുന്നു സുബോധ് കുമാറിന്റെ മരണം. അന്നു തന്നെ രണ്ട് തവണയാണ് ആക്രമണം നടന്നത്. കല്ലെറിനു പുറമേ തങ്ങൾക്കു നേരേ മുട്ട വലിച്ചെറിഞ്ഞെന്നും രാം ആശ്രേ പറയുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് സുബോധ് സിംഗിന് ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ആക്രണത്തിന് തയ്യാറെടുത്തിരുന്ന ഒരു വലിയ സംഘത്തെ ത‌‌‌ടഞ്ഞു നിർത്താൻ തങ്ങൾക്കു സാധിക്കുമായിരുന്നില്ലെന്നും  രാം ആശ്രേ പറഞ്ഞു. 

ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്‍ലാഖിന്‍റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടന്നുെവന്ന സംശയം ബലപ്പെടുകയാണ്. സുബോധിന്‍റെ തലയ്ക്ക് വെടിയേറ്റിരുന്നു. സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.