കടിച്ചുപിടിച്ച പിൻ വിഴുങ്ങിപ്പോയി; കഠിനവേദന; പുറത്തെടുത്തത് ആറാം നാൾ

image-for-representation-girl
SHARE

ഗോവയിലെ പനാജിയിൽ ശിരോവസ്ത്രത്തിൽ കുത്താൻ കടിച്ചു പിടിച്ചിരുന്ന പിൻ അബന്ധത്തിൽ വിഴുങ്ങിയ കൗമാരക്കാരി അനുഭവിച്ചത് സമാനതകളില്ലാത്ത നരകയാതന. പതിനെട്ടുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ 3.5 സെന്റീമീറ്റർ നീളമുളള പിൻ ആറാംനാൾ മാത്രമാണ് ഡോക്ടർമാർക്ക് പുറത്തെടുക്കാൻ കഴിഞ്ഞത്. 

ശിരോവസ്ത്രത്തിൽ കുത്താൻ വേണ്ടി കടിച്ചു പിടിച്ച പിൻ അറിയാതെ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ പെൺകുട്ടിയെ തൊട്ടടുത്തുളള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്സ് റേ എടുത്തപ്പോൾ പിൻ ശ്വാസകോശത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. 3.5 സെന്റീമീറ്റർ നീളമുളള പിൻ ഡോക്ടർമാർ എൻഡോസ്കോപ്പി വഴി പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 

ഗോവയിലെ മൂന്ന് മെഡിക്കൽ കോളേജുകളിലും രണ്ട് സ്വകാര്യ ആശുപത്രികളിലും സഹായത്തിനായി കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ശസ്ത്രക്രിയ ചെയ്യാമെന്ന് ഒരു ആശുപത്രിയിലെ അധികൃതർ പെൺകുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞുവെങ്കിലും അവർ വഴങ്ങിയില്ല.  ഇതോടെ ചെംമ്പൂരിലെ സെന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശു പത്രിയില്‍ പ്രവേശിപ്പിച്ച് ബ്രോങ്കോസ്‌കോപ്പി വഴി പിന്‍ പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

ആറു ദിവസത്തോളം പിൻ തറച്ചിരുന്നതിനാൽ നരകയാതനയാണ് പെൺകുട്ടി അനുഭവിക്കേണ്ടി വന്നത്.  ശ്വാസകോശത്തിന്റെയും ഹൃദയത്തിലേക്കുമുള്ള രക്തധമനികള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അണുബാധയ്ക്കും മറ്റുമുള്ള സാധ്യത പരിഗണിച്ച് മുംബൈയില്‍ വിദഗ്ധ ചികിത്സ നടത്തുകയാണ് പെണ്‍കുട്ടി ഇപ്പോള്‍. എന്‍ഡോസ്‌കോപ്പി വഴിയാണ് പിൻ പുറത്തെടുക്കുന്നതിൽ രക്ത ധമനികൾക്കും ആന്തരിക അവയവങ്ങൾക്കും സാരമായ പരുക്ക് എൽക്കാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബ്രോങ്കോസ്‌കോപ്പി നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ശ്വാസകോശത്തിന്റെ ഒരു ഭാഗത്തു തറച്ച നിലയിലായിരുന്നു പിന്‍. നെഞ്ചിന്റെ താഴ്ഭാഗത്ത് കുത്തനെ നില്‍ക്കുന്ന വിധത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ അപകടസാധ്യത വളരെയേറെയുണ്ടായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അരവിന്ദ് കെയ്റ്റ് പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.