കയ്യിൽ തലയോട്ടിയും എല്ലും; തലയിൽ ശർക്കര; തലസ്ഥാനം തിളച്ചുമറിഞ്ഞ പകൽ

kisan-mukti-march
SHARE

ഡല്‍ഹി തിളച്ചുമറിയുകയായിരുന്നു ഇന്നലെ. ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധമാര്‍ച്ച് പ്രതിപക്ഷനേതാക്കളുടെ ഐക്യത്തിന്‍റെയും കേന്ദ്രസര്‍ക്കാരിനെതിരായ കൂട്ടായ ആക്രമണത്തിന്‍റെയും വേദിയായി. ആന്ധ്രാപ്രദേശ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരു ലക്ഷത്തോളം കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്. 

ഇന്നോളം കണ്ടിട്ടില്ലാത്ത ചില സമരരീതികൾക്കും തലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചു. തെലങ്കാനയിലെ വാറങ്കലിൽ നിന്നുമെത്തിയ രണ്ട് പെൺകുട്ടികളുടെ കയ്യിൽ മരിച്ചുപോയ പിതാവിന്‍റെ ഫ്രെയിം ചെയ്ത ചിത്രമുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുമെത്തിയ ഒരു കൂട്ടം കർഷകരുടെ കയ്യിലുണ്ടായിരുന്നത് തലയോട്ടിയും എല്ലുകളുമാണ്. ആത്മഹത്യ ചെയ്ത തങ്ങളുടെ സുഹൃത്തുക്കളെ അനുസ്മരിച്ചായിരുന്നു ഈ പ്രതീകാത്മക പ്രതിഷേധം. 

സമരക്കാരിൽ ഒരാളായ ദേവിക്ക് ഇളയ മകളെ സ്കൂളിലയച്ച് പഠിപ്പിക്കാനുള്ള പണമില്ല. വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. 

ഒഡീഷിൽ നിന്നുമെത്തിയ 36 കാരനായ ബരീദയുടേത് പരമ്പരാഗത കർഷക കുടുംബമാണ്. കുടുംബത്തിൽ കാർഷിക വൃത്തിയെ ആശ്രയിക്കാത്ത ഒരേ ഒരാളും ബരീദയാണ്. കൃഷിയിൽ നിന്നും കാര്യമായ വരുമാനം ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ രണ്ട് വർഷം മുൻപാണ് ഇയാൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകാൻ തുടങ്ങിയത്. 

ആത്മഹത്യ ചെയ്ത ബന്ധുവിന്‍റെ തലയോട്ടിയും കയ്യിൽ പിടിച്ചാണ് തമിഴ്നാട്ടിൽ നിന്നും ഒരാളെത്തിയത്. മൂന്നു വർഷം  മുൻപ് സംസ്ഥാനം വലിയ കാർഷിക പ്രതിസന്ധി നേരിട്ടപ്പോഴായിരുന്നു ബന്ധുവിന്‍റെ ആത്മഹത്യ. തന്‍റെ കുടുംബം കടന്നുപോകേണ്ട വന്ന ദുരിതങ്ങളെ ഓര്‍മ്മപ്പെടുത്താനാണ് ഈ തലയോട്ടി കൊണ്ടുനടക്കുന്നതെന്നും ഇയാൾ പറയുന്നു. 

പ്രായമായ മറ്റൊരു സ്ത്രീ തലയിൽ ശർക്കര വെച്ചാണ് പ്രതിഷേധിക്കാനെത്തിയത്. കരിമ്പുകൃഷിയാണ് മക്കൾക്ക്. എന്നാൽ തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്. 

ഇങ്ങനെ കർഷക മാർച്ചിൽ പങ്കെടുക്കാനെത്തിയ ഓരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. മാറിയത് പേരുകൾ മാത്രമാണ്. 

എം.എസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, താങ്ങുവില കൂട്ടുക, കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ നടപടിയെടുക്കുക, കര്‍ഷപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്‍റിന്‍റെപ്രത്യേക സമ്മേളനം വിളിക്കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.