മധ്യപ്രദേശിൽ വോട്ടിങ്ങ് മെഷീൻ ബിജെപി എംഎൽഎയുടെ ഹോട്ടലിലെന്ന് ആരോപണം; വിവാദം

evm-mp
SHARE

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. തെരഞ്ഞെടുപ്പിന് ശേഷം ഇലക്ടോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിപ്പു കേന്ദ്രങ്ങളിലേക്ക് തിരിച്ചെത്താന്‍ വൈകിയതാണ് കാരണം. തെരഞ്ഞെടുപ്പ് നടന്ന് 48 മണിക്കൂറിനു ശേഷമാണ് മെഷീനുകൾ സ്ട്രോങ് റൂമില്‍ എത്തിച്ചതെന്നാണ് ആരോപണം. 

ഖുറായി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച് വോട്ടിംഗ് മെഷീനുകള്‍ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ ഭൂപേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് കൊണ്ടു പോയി എന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന ഭോപാല്‍ ജയിലിന് പുറത്ത് കോണ്‍ഗ്രസ്, ആം ആദ്മി പ്രവര്‍ത്തകര്‍ കാവല്‍ നിൽക്കുകയും ചെയ്തിരുന്നു.  മധ്യപ്രദേശിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 2265 ഇ.വി.എമ്മുകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇ.വി.എമ്മുകളുമായി ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വോട്ടിങ് മെഷീനുകളുമായി ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്ന വീഡിയോ ആണ് പുറത്തു വന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടത്. 

ഈ മെഷീനുകള്‍ ഉപയോഗിക്കാത്തതും ഏതെങ്കിലും മെഷീനുകള്‍ തകരാറിലായാല്‍ പകരം ഉപയോഗിക്കാന്‍ വേണ്ടി കരുതിവച്ചിരുന്നതുമാണെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷൻ നൽകുന്ന വിശദീകരണം. ഇവിഎം മെഷീനുകള്‍ ഹോട്ടൽ റൂമിലെത്തിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും മധ്യപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിനു പുറത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ഒന്നര മണിക്കൂറിലേറെ തടസപ്പെട്ടുവെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ഒന്നര മണിക്കൂര്‍ സമയം റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ലൈവ് എന്ന വ്യാജേന പുറത്തുവിട്ടതെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 

എന്നാല്‍ ദൃശ്യങ്ങള്‍ തടസപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് മാധ്യമ ഉപ വക്താവ് ഭുപേന്ദ്ര ഗുപ്ത പറഞ്ഞു. ബിജെപിയുടെ വിജയം ഉറപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്നും കോൺഗ്രസ് ആരോപിക്കുന്നു. ആരോപണങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.