പിണറായിയുടെ സഹോദര സ്നേഹത്തിന് കൂപ്പുകൈ; വാഴ്ത്തി വിജയ് സേതുപതി

pinarayi-vijayan-vijay-sethupathi
SHARE

ഗജ ചുഴലിക്കാറ്റ് വിതച്ച ദുരിതങ്ങളിൽ നിന്ന് കരകയറാൻ പ്രയത്നിക്കുന്ന തമിഴ്നാടിന് സഹായഹസ്തം നീട്ടിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ് സൂപ്പർതാരം വിജയ് സേതുപതി. ഗജ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് തൊട്ടുടത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികൾ തമിഴ്നാട്ടിലേയ്ക്ക് അയച്ചു കൊടുത്തതിനു പിന്നാലെ പത്തുകോടി രൂപ കേരളം തമിഴ്നാടിന് സഹായധനമായി പ്രഖ്യാപിച്ചിരുന്നു. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായ മനസ്കതയും സഹോദര സ്നേഹത്തിനും മുന്നിൽ ഞാൻ വണങ്ങുന്നു. വിജയ് സേതുപതി ട്വിറ്ററിൽ കുറിച്ചു. ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ ആഞ്ഞടിച്ചതിന് അടിയന്തര സഹായങ്ങളുമായി കേരളം മുന്നോട്ട് വന്നിരുന്നു. അവശ്യ വസ്തുകളും മരുന്നുകളും കൂടാതെ കെഎസ്ഇബി ജീവനക്കാരേയും തമിഴ്നാട്ടിലേക്ക് അയച്ച സംസ്ഥാനം സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് തമിഴ്നാടിനെ അറിയിച്ചിരുന്നു.കഴിഞ്ഞ മന്ത്രിസഭാ യോ​ഗം തമിഴ്നാടിന് പത്ത് കോടിയുടെ സഹായം ചെയ്യാൻ തീരുമാനിച്ചിരുന്നു. കേരളത്തിന്റെ സഹായമനസ്കത നവമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്. 

ഗജ ചുഴലിക്കാറ്റിന്റെ കെടുതികളിൽ തമിഴ്നാട് കഷ്ടത അനുഭവിക്കുമ്പോൾ കേരളം രാഷ്ട്രീയത്തിന് അതീതമായി മനുഷ്യത്വത്തിലൂന്നി പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ രംഗത്തു വന്നിരുന്നു. ദുരിതക്കെടുതിയിൽ നിന്നും കരകയറാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായമഭ്യർഥിച്ചാണ്  മക്കള്‍ നീതി മയ്യത്തിന്റെ ലെറ്റർ പാഡിൽ കമൽഹാസൻ കത്തെഴുതിയത്.

'തമിഴ്‌നാട്ടില്‍ ജനജീവിതം സ്തംഭിക്കും വിധത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കാര്‍ഷിക വിളകളും മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നത് സാധാരണക്കാരായ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അതിജീവനത്തെ തന്നെ ബാധിച്ചിരിക്കുന്നു. അതിനാല്‍ തന്നെ രാഷ്ട്രീയത്തിനതീതമായി, മനുഷ്യത്വത്തിലൂന്നി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ പ്രവര്‍ത്തിക്കുന്നതാണ് മനുഷ്യരായിരിക്കുന്നതിലെ മൂല്യവും' കമല്‍ കുറിച്ചു. ഗജ വിതച്ച നാശനഷ്ടങ്ങള്‍ നികത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അതിനാല്‍ തന്നെ തമിഴ്‌നാടിനെ ഗജയെ അതിജീവിക്കാൻ കേരളം സഹായിക്കണമെന്നും കമല്‍ കത്തിലൂടെ അഭ്യർഥിക്കുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ സഹായ പ്രഖ്യാപനവും ഉണ്ടായി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.