കുര്യന്‍ ജോസഫ്: ആയിരം വിധിന്യായങ്ങളുടെ ഉടമ; പോരാളിയും മധ്യസ്ഥനും: ഇനി പടിയിറക്കം

kurian-joseph-sc
SHARE

ആയിരം വിധിന്യായങ്ങള്‍ എഴുതിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് പടിയിറങ്ങുമ്പോള്‍ പരമോന്നത കോടതിയില്‍ ഒഴിയുന്നത് മികച്ച മധ്യസ്ഥന്‍

അച്ഛനും അമ്മയുമായുളള വൈവാഹികക്കേസ് ഒത്തുതീര്‍ത്ത ജസ്റ്റിസ് കുര്യന്‍ ജോസഫിന് പത്തുവയസുകാരന്‍ വിഭു പനിനീര്‍ പൂവുകള്‍ വരച്ചുചേര്‍ത്ത പോസ്റ്റ്കാര്‍ഡില്‍ ഇങ്ങനെയെഴുതി:

God always has something for You:

 

A KEY for every problem,

A LIGHT for every shadow,

A RELIEF for every sorrow, AND

A PLAN for every tomorrow

post-card-sc

മാതാപിതാക്കളുടെ അടിപിടിയില്‍ വീര്‍പ്പുമുട്ടുന്ന വിഭുവിനെ പോലെ ഒട്ടേറെ കുട്ടികള്‍ക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ് മാലാഖയാണ്. സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കും, മക്കളില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്ന മാതാപിതാക്കള്‍ക്കും കുര്യന്‍ ജോസഫിന്‍റെ കോടതി ദേവാലയവും. 

ഭാര്യയ്ക്കും ഭര്‍ത്താവിനും വേണ്ടി അഭിഭാഷകര്‍ ഘോരഘോരം വാദിക്കുമ്പോള്‍ കുര്യന്‍ ജോസഫിലെ മധ്യസ്ഥന്‍ ഉണരും. ഭാര്യയെയും ഭര്‍ത്താവിനെയും അടുത്തേക്ക് വിളിക്കും. പണവും ആരോഗ്യവും കോടതിയില്‍ പാഴാക്കരുതെന്ന് ആവശ്യപ്പെടും. എല്ലാത്തിനുമൊടുവില്‍ ആരും വിജയിക്കുന്നില്ലെന്ന് ഉപദേശിക്കും. നിയമത്തിന്‍റെ ഇഴകീറിയുളള പരിശോധനയ്ക്ക്  പകരം സമാധാനത്തിന്‍റെയും ശാശ്വതപരിഹാരത്തിന്‍റെയും പാത തുറക്കാനാണ് കുര്യന്‍ ജോസഫ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്. 

സ്ത്രീധനമല്ലാതെ മറ്റൊന്നും ഭര്‍ത്താവ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് ഒരുകോടി രൂപ പിഴയിട്ടതും ഇതേ കുര്യന്‍ ജോസഫാണ്.

വ്യവസായിയായ അച്ഛന്‍റെ മരണത്തിന് ശേഷം സഹോദരിയും സഹോദരനും നാല്‍പ്പത്തിമൂന്ന് വര്‍ഷം നടത്തിയ സ്വത്തുക്കേസും ശാന്തിമന്ത്രമോതി കുര്യന്‍ ജോസഫ് ഒത്തുതീര്‍ത്തു. നൂറ് കോടി കിട്ടിയാലും സമാധാനം കിട്ടില്ലെന്ന് ഉപദേശിച്ചു. സഹോദരങ്ങള്‍ തമ്മിലടിച്ചാല്‍ മാതാപിതാക്കളുടെ ആത്മാക്കള്‍ക്ക് ശാന്തികിട്ടില്ലെന്നായിരുന്നു കുര്യന്‍ ജോസഫിന്‍റെ പോയിന്‍റ്.

justice-kurian-joseph

ഇത് കുര്യന്‍ ജോസഫിന്റെ മാലാഖ മുഖമാണെങ്കില്‍ പോരാളിയുടെ മുഖം കൂടിയുണ്ട് അദ്ദേഹത്തിന്. ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയിലെ നാല് സിറ്റിങ് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ മുന്‍നിരയില്‍‍ കുര്യന്‍ ജോസഫുണ്ടായിരുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് ഉറക്കെ വിളിച്ചുപറ‍ഞ്ഞു. ദീപക് മിശ്രയുടെ നടപടികളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. തിരുത്തലുകള്‍ സുപ്രീംകോടതിക്കുളളില്‍ നിന്നുതന്നെയുണ്ടാകണമെന്ന് ‌‌‌‌നിലപാടെടുത്തു. പുറത്തുനിന്നുളള മാധ്യസ്ഥം വേണ്ടെന്ന് പറഞ്ഞതും ഉറച്ചശബ്ദത്തില്‍. 

ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ ഏറെക്കാലം കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവച്ചപ്പോള്‍ കുര്യന്‍ ജോസഫ് കളത്തിലിറങ്ങി. ജുഡിഷ്യറി പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ലെന്നും പൂര്‍ണഗര്‍ഭാവസ്ഥയില്‍‍ സാധാരണപ്രസവം നടക്കുന്നില്ലെങ്കില്‍ അടിയന്തരശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്നും സഹജഡ്ജിമാര്‍ക്ക് കത്തെഴുതി. കെ.എം. ജോസഫിന്‍റെ ഫയല്‍ കേന്ദ്രം മടക്കിയപ്പോള്‍ വീണ്ടും ശുപാര്‍ശ അയക്കാന്‍ നിര്‍ണായകപങ്ക് വഹിച്ചതും കുര്യന്‍ ജോസഫാണ്. ഒന്നും വ്യക്തിപരമായിരുന്നില്ല, എല്ലാം ജുഡിഷ്യറിയുടെ നിലനില്‍പ്പിനാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. 

സുപ്രീംകോടതിയിലെ മലയാളിമുഖമാണ് കുര്യന്‍ ജോസഫ്. മഹാപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നിന്നപ്പോള്‍ കരുതലിന്‍റെ മഹാപ്രവാഹം സുപ്രീംകോടതിയില്‍ നിന്നുണ്ടായി. സംഭാവനകള്‍ ശേഖരിക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയെ തന്നെ മുന്നില്‍ നിര്‍ത്തി. ടണ്‍കണക്കിന് ദുരിതാശ്വാസ സാമഗ്രികള്‍ ഡല്‍ഹിയിലെ അഭിഭാഷകരും മലയാളികളും സുപ്രീംകോടതി വളപ്പിലെത്തിച്ചപ്പോള്‍ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച് കുര്യന്‍ ജോസഫ് മുന്നില്‍ തന്നെയുണ്ടായിരുന്നു.

ആയിരം പൂര്‍ണചന്ദ്രനെ കാണുകയെന്നത് അപൂര്‍വസൗഭാഗ്യമാണെങ്കില്‍ ആയിരം വിധിന്യായങ്ങള്‍ എഴുതുകയെന്നത് ജുഡിഷ്യറിയിലെ അപൂര്‍വതയാണ്.

Kurian-Joseph

സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റെടുത്ത 2013 മാര്‍ച്ച് എട്ടുമുതല്‍ അഞ്ചുവര്‍ഷത്തിലേറെ നീണ്ട ജുഡിഷ്യല്‍ സര്‍വീസില്‍ 1034 വിധിന്യായങ്ങളാണ് കുര്യന്‍ ജോസഫ് എഴുതിയത്. ഏറ്റവുമധികം വിധികളെഴുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലെത്തിയ ആദ്യമലയാളി. പട്ടികയില്‍ പത്താംസ്ഥാനത്താണ് അദ്ദേഹം.

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് കുര്യന്‍ ജോസഫിന് നേര്‍ത്ത സംശയം പോലുമുണ്ടായിരുന്നില്ല. മുത്തലാഖിനെ അനുകൂലിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിനെ തിരുത്തി. മുത്തലാഖിനെതിരെ അഞ്ചംഗഭരണഘടനാബെഞ്ചിലെ കുര്യന്‍ ജോസഫ് അടക്കം മൂന്ന് ജഡ്ജിമാര്‍ ഭൂരിപക്ഷവിധിയെഴുതിയത് ചരിത്രമായി.

മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്‍റെ മരണവാറന്‍റ് കുര്യന്‍ ജോസഫ് റദ്ദാക്കിയത് ജുഡിഷ്യറിയില്‍ മാത്രമല്ല രാജ്യത്തിനകത്തും വന്‍ചര്‍ച്ചയായി. വധശിക്ഷയ്ക്കെതിരെയുളള മേമന്‍റെ ഹര്‍ജി തീര്‍പ്പാക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജഡ്ജിമാര്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതോടെ ദീപക് മിശ്രയുടെ നേതൃത്വത്തില്‍ പുതിയ ബെഞ്ച് വന്നു. അര്‍ധരാത്രി സിറ്റിങ് നടത്തി വധശിക്ഷയ്ക്കെതിരെയുളള ഹര്‍ജി തളളി. അടുത്ത പുലര്‍ച്ചെ വധശിക്ഷയും നടപ്പാക്കി. 

റിട്ടയര്‍മെന്‍റിന് മണിക്കൂറുകള്‍ക്ക് മുന്‍പും വധശിക്ഷ നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കാനുളള സമയമായെന്ന് ഒരു കേസില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

സിബിഐയെ രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രമായി നിര്‍ത്തണമെന്ന് കല്‍ക്കരി കുംഭക്കോണ അഴിമതിക്കേസില്‍ വാദം കേള്‍ക്കവെ നീരീക്ഷിച്ചു.

ശബരിമല യുവതീപ്രവേശവിഷയം ആദ്യഘട്ടത്തില്‍ പരിഗണിച്ചത് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചാണ്. അഞ്ചംഗഭരണഘടനാബെഞ്ചിന് വിടാന്‍ തീരുമാനിച്ചപ്പോള്‍ കുര്യന്‍ ജോസഫിനെ ദീപക് മിശ്ര ഉള്‍പ്പെടുത്തിയില്ല.

വിരമിച്ചതിന് ശേഷം സര്‍ക്കാര്‍ വച്ചുനീട്ടുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കില്ലെന്ന് മുന്‍ക്കൂട്ടി വ്യക്തമാക്കിയിട്ടുണ്ട് ഈ ന്യായാധിപന്‍. സമൂഹത്തിന് ഗുണമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കുര്യന്‍ ജോസഫിന്‍റെ തീരുമാനം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.