റഫാല്‍ കരാർ: അന്വേഷണം ആവശ്യപ്പെട്ട് ഫ്രാൻസിലും പരാതി; വിവാദം

rafale-deal-modi-1
SHARE

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണംവേണമെന്ന ആവശ്യം ഫ്രാന്‍സിലും ഉയരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഷെര്‍പയെന്ന സന്നദ്ധസംഘടന ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കി. അതിനിടെ, റഫാലിന്‍റെ പേരുപറഞ്ഞത് ജനങ്ങളെപ്പറ്റിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

റഫാല്‍ ഇടപാട് ഇന്ത്യയില്‍ ശക്തമായ രാഷ്ട്രീയ വിവാദങ്ങള്‍ക്കും നിയമപ്പോരാട്ടങ്ങള്‍ക്കും വഴിതുറന്നതിന് പിന്നാലെയാണ് ഫ്രാന്‍സിലും അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികള്‍ വരുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയത് തന്നെയാണ് ഫ്രാന്‍സിലും വിവാദ കാരണം. കരാര്‍ സംബന്ധിച്ച് അഴിമതി നടന്നിട്ടുണ്ടോ, ആര്‍ക്കെങ്കിലും അനര്‍ഹമായ നേട്ടം ലഭിച്ചിട്ടുണ്ടോ, സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ടാണോ കരാര്‍ ഒപ്പിട്ടത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. വ്യോമയാന മേഖലയില്‍ ഒട്ടും അനുഭവപരിചയമില്ലാത്ത റിലയന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ഷെര്‍പയുടെ പരാതിയില്‍ പറയുന്നു.

വിഷയം ഏറെ ഗൗരത്തോടെയാണ് കാണുന്നതെന്ന് ഷെര്‍പയുടെ സ്ഥാപകനായ വില്യം ബൌര്‍ഡന്‍ പറഞ്ഞു. അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രചാരണവേദികളിലും റഫാല്‍ വിവാദത്തിന് മറുപടി നല്‍കി വലയുകയാണ് ബിജെപി നേതാക്കള്‍. രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തണമെന്നും റഫാല്‍ ഇടപാടിെനക്കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍ മുന്‍പ്രതിരോധമന്ത്രി എ.കെ ആന്‍റണിയോട് ചോദിച്ച് മനസിലാക്കണമെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഭോപ്പാലില്‍ പറഞ്ഞു. 

MORE IN INDIA
SHOW MORE