ബൈക്ക് സമ്മാനിച്ചു; ജയിലില്‍ നിന്നും രക്ഷപ്പെടുത്തി; എന്നിട്ടും ക്രൂരമായി കൊന്നു: വെളിപ്പെടുത്തൽ

mala-lakhani-fashion-desingner
SHARE

ഡൽഹിയിലെ മുൻനിര ഫാഷൻ ഡിസൈനറായ മാല ലഖാനിയും സഹായി നേപ്പാൾ സ്വദേശിയും അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മാലയുടെ സഹോദരി. സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് രാത്രി 8.15 ന് തന്നെ മാല ഫോണിൽ വിളിച്ചിരുന്നതായി സഹോദരി വെളിപ്പെടുത്തി. ശമ്പളം നൽകാത്തതിന്റെ പേരിലാണ് കൊലയെന്നത് താൻ വിശ്വസിക്കുന്നില്ലെന്നും രാഹുൽ ആണ് ഈ കൊലയുടെ പിന്നിലെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്തതാണെന്നും മാലയുടെ സഹോദരി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു പ്രതി രാഹുൽ. രാഹുലിന് നിയമപരമായ സഹായം നൽകിയതും ജയിലിൽ നിന്ന് പുറത്തിറക്കിയതും മാലയാണ്. രാഹുലിന് സ്വന്തമായി ഒരു ബൈക്ക് വാങ്ങി നൽകുകയും ചെയ്തിരുന്നു. രാഹുൽ  ‍നിഷ്കളങ്കനാണെന്നും കേസിൽ എതിരാളികൾ പെടുത്തിയതാണെന്നുമായിരുന്നു ഇതേപറ്റി ചോദിച്ചപ്പോൾ തന്നോട് പറഞ്ഞിരുന്നതെന്നും സഹോദരി വെളിപ്പെടുത്തി. രാഹുലിനെ ബച്ചാ എന്ന് വാത്സല്യപൂർവ്വമാണ് മാല വിളിച്ചിരുന്നത്. ഒരു മകന്റെ പരിഗണനയും സ്നേഹവും നൽകി.  8.15 ന് സംസാരിച്ചതിനു ശേഷം 9.50 ന് വീണ്ടും ഞാൻ മാലയെ വിളിച്ചിരുന്നു. ടിവി റിയാലിറ്റി ഷോ കഴിഞ്ഞതിനു ശേഷം തിരിച്ചു വിളിക്കാമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും പിന്നെ വിളിച്ചില്ല. 

അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. 18 ഓളം മുറിവുകളാണ് മാലയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ പ്രതികൾ മോഷ്ടിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. വസന്ത്കൂഞ്ചിലെ വീട്ടിലാണ് കൊലപാതകം നടന്നത്. മാലയുടെ മറ്റൊരു സഹായിയും വസ്ത്രവ്യാപാര സ്ഥാപനത്തിലെ തയ്യല്‍ക്കാരനുമായ രാഹുല്‍ അന്‍വര്‍, ബന്ധുവായ റഹമത്, സുഹൃത്ത് വസീം എന്നിവരാണ് പ്രതികള്‍. കൊലപാതകത്തിന് ശേഷം മൂവരും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 

ബുധനാഴ്ച രാത്രി പത്തിനും പതിനൊന്നരയ്ക്കും ഇടയ്ക്കാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.45ന് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുലും കൂട്ടാളികളും തങ്ങള്‍ വസന്ത്കുഞ്ച് എന്‍ക്ലേവിലെ ഒരു വീട്ടില്‍ രണ്ട് പേരെ കൊലപ്പെടുത്തിയതായി പൊലീസിനൊട് പറയുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. മാല ലഖാനിയുടെ മൃതദേഹം കിടപ്പുമുറിയിലും ബഹാദൂറിന്റെ മൃതദേഹം അടുക്കളയിലുമാണ് കിടന്നിരുന്നത്. 

മാല ലഖാനിയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന രാഹുലിന് മാസങ്ങളായി ശമ്പളം നല്‍കാറില്ലാത്തതാണ് കൊലയ്ക്ക് കാരണമായി പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ വസ്തുതയുള്ളതായി തെളിഞ്ഞു. കൊലപാതകത്തിന് ശേഷം ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും പ്രതികള്‍ അപഹരിച്ചു രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകം പുറത്തറിഞ്ഞാല്‍ ഉറ്റ ബന്ധുക്കളെ പൊലീസ് ഉപദ്രവിക്കുമെന്ന് കരുതിയാണ് കീഴടങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി.

MORE IN INDIA
SHOW MORE