ഗജ ചുഴലിക്കാറ്റ് രാത്രി പതിനൊന്ന് മണിയോടെ തമിഴ്നാട് തീരത്ത്; ‍ജാഗ്രത

gaja23
SHARE

ഗജ ചുഴലിക്കാറ്റ് രാത്രി പതിനൊന്ന് മണിക്കുള്ളില്‍ തമിഴ്നാട് തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കടലൂര്‍ നാഗപട്ടണം ജില്ലകളെയായിരിക്കും. ഗജയുടെ വരവറിയിച്ച് തീരപ്രദേശങ്ങളില്‍ മഴ തുടങ്ങി.  അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചു.

ഓരോ മണിക്കൂര്‍ കഴിയുന്തോറും കാറ്റിന്‍റെ വേഗത കൂടിക്കൊണ്ടിരിക്കുകയാണ്. കര തൊടുമ്പോള്‍ മണിക്കൂറില്‍ എണ്‍പത് മുതല്‍ തൊണ്ണൂറ് കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുക്കോട്ട, രാമനാഥപുരം, കാരക്കല്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി പല സ്ഥലങ്ങളിലും വൈദ്യതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെയടക്കം വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ചെന്നൈയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ മുതല്‍ ഇടവിട്ട് പെയ്യുന്ന മഴ തുടരുകയാണ്. മറീന ബീച്ചടക്കമുള്ള തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

MORE IN INDIA
SHOW MORE