ബാൽക്കണിയിൽ നിന്ന് തള്ളിയിടാൻ പറഞ്ഞത് ഗർഭിണിയായ കാമുകി; ആ അരുംകൊലക്ക് പിന്നിൽ

delhi-murder-14
SHARE

ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ഭാര്യയെ ഫ്ലാറ്റിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന്റെ കാമുകി അറസ്റ്റിൽ. വിക്രം ചൗഹാനുമായി ബന്ധമുണ്ടായിരുന്ന ഷെഫാലി ഭാസിൻ(35) എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ആറ് മാസം ഗർഭിണിയാണ്. 

ദീപിക ചൗഹാന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഷെഫാലിയുടെ പങ്കിനെക്കുറിച്ച് പൊലീസിന് വ്യക്തമായ തെളിവ് ലഭിക്കുന്നത്. ദീപികയെ ഫ്ലാറ്റിൽ നിന്ന് തള്ളിയിടാൻ നിർദേശിച്ചത് ഷെഫാലിയാണ്. ഇതിന് തെളിവായി ഫോണിലെ സന്ദേശങ്ങളും ലഭിച്ചു. 

ഷെഫാലിയുമായി വിക്രമിനുണ്ടായിരുന്ന ബന്ധം ദീപിക അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് ദീപികയും വിക്രമും തമ്മിൽ പതിവായി വഴക്കിട്ടിരുന്നു. ഒക്ടോബർ 27ന്, ദീപിക കൊല്ലപ്പെടുന്നതിന് മുൻപ് ഇരുവരും തമ്മിലയച്ച സന്ദേശങ്ങൾ ഇങ്ങനെ:

വിക്രം: അവൾ വഴക്കുണ്ടാക്കുകയാണ്. 

ഷെഫാലി: അവളെ ബാൽക്കണിയില്‍ നിന്നും തള്ളിയിടൂ. 

വിക്രം: എനിക്ക് ചെയ്യണമെന്നുണ്ട്, ശരിക്കും. അവൾ പിന്നെയും വഴക്കുണ്ടാക്കുകയാണ്. 

ഷെഫാലി; എങ്കില്‍ അങ്ങനെ ചെയ്യൂ. 

ഇതിന് പിന്നാലെയാണ് വിക്രം ദീപികയെ എട്ടാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നതും താഴേക്ക് തള്ളിയിടുന്നതും. ഫ്ലാറ്റിൽ നിന്ന് വീണുമരിച്ചെന്നായിരുന്നു ഭര്‍ത്താവ് പൊലീസിനെയും അയൽവാസികളെയും അറിയിച്ചത്. എന്നാൽ തൊട്ടടുത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരുടെ മൊഴികളെത്തുടർന്നാണ് അന്വേഷണം വിക്രമിലേക്ക് നീണ്ടത്. വിക്രമിന്റെ കൈത്തണ്ടയിൽ നഖത്തിന്റെ പാടുകൾ കണ്ടെത്തിയതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. കൂടുതൽ ചോദ്യം ചെയ്തതോടെ വിക്രം കുറ്റസമ്മതവും നടത്തി.  

നാല് വയസ്സുള്ള മകളും അഞ്ച് മാസം മാത്രം പ്രായമുള്ള മകനും വീടിനുള്ളിൽ ഉറങ്ങിക്കിടക്കവെയായിരുന്നു അരുംകൊല. ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാൻ നമ്മുടെ മക്കളെ സ്നേഹിക്കുന്നു, തള്ളിയിടുമ്പോൾ വിക്രമിന്റെ കയ്യിൽ തൂങ്ങി ദീപിക പറഞ്ഞ വാക്കുകളാണ്. സംഭവം നേരിൽക്കണ്ട അയൽവാസിയാണ് പൊലീസിന് മൊഴിനൽകിയത്. 

കഴിഞ്ഞ ഒരുവർഷത്തോളമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. ഒരേ കോളനിയിലെ താമസക്കാരായ ഇരുവരും പാർക്കിൽ വെച്ചാണ് കണ്ടുമുട്ടുന്നത്. പരിചയപ്പെട്ടതിന് പിന്നാലെ അഞ്ച് ദിവസത്തെ ലേ–ലഡാക്ക് യാത്രയും ഇരുവരും നടത്തിയിരുന്നു. ഭർത്താവിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയ സിനിമാ ടിക്കറ്റിൽ നിന്നാണ് ദീപിക ബന്ധത്തെക്കുറിച്ച് അറിയുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപും ഇരുവരും ദീപികയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. 

രണ്ടുദിവസങ്ങൾക്ക് മുൻപ് ഇരുവരുമൊന്നിച്ചുള്ള യാത്രക്കിടെ നൈനിറ്റാളിൽ വെച്ച് ദീപികയെ പാറക്കെട്ടുകൾക്ക് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ വിക്രം ശ്രമിച്ചിരുന്നു. ഇതിന്റെ പേരിൽ ഷെഫാലി വിക്രമിനെ പരിഹസിച്ചു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.