ആരോപണങ്ങള്‍ തള്ളി ഡാസോ; നുണ അഴിമതി മൂടിവയ്ക്കില്ലെന്ന് കോൺഗ്രസ്

rafel-daso-congress
SHARE

റാഫേല്‍ കരാറില്‍ കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെ തള്ളി വിമാനനിർമാതാക്കളായ ഡാസോ ഏവിയേഷൻ. റിലയൻസിനെ പങ്കാളിയായി തിര‍ഞ്ഞെടുത്തത് സർക്കാരല്ല ഡാസോയാണെന്ന് സിഇഒ എറിക് ട്രാപ്പിയര്‍ വ്യക്തമാക്കി. ഉപയോഗ സജ്ജമായ വിമാനങ്ങളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 36 വിമാനങ്ങളുടെ വില തുല്യമാണെന്നും എറിക് ട്രാപ്പിയര്‍ പറഞ്ഞു. അതേസമയം ഉത്തരവുകൾക്കനുസരിച്ചുള്ള അഭിമുഖങ്ങൾക്കും ഉണ്ടാക്കിയെടുക്കുന്ന നുണകൾക്കും അഴിമതി മൂടിവയ്ക്കാനാവില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

റിലയൻസിന്‍റെ നഷ്ടത്തിലോടുന്ന കമ്പനിയില്‍ ഡാസോ നടത്തിയ 284 കോടി രൂപയുടെ നിക്ഷേപം റാഫാല്‍ കരാറിലെ കൈക്കൂലിയാണെന്നും എറിക് ട്രാപ്പിയര്‍ കള്ളം പറയുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  ആരോപണങ്ങളെ തള്ളി ഡാസോ സിഇഒ രംഗത്തെത്തിയത്. കരാര്‍ സംബന്ധിച്ച് താന്‍ കള്ളം പറഞ്ഞിട്ടില്ല. ഡാസോയാണ് റിലയന്‍സിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്നും എറിക്ട്രാപ്പിയര്‍ ഒരു ദേശീയ വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റിലയന്‍സിനെ കൂടാതെ മുപ്പത് പങ്കാളികള്‍ കൂടി കമ്പനിക്കുണ്ടെന്നും ട്രാപ്പിയര്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് കൈമാറേണ്ടിയിരുന്നത് പൂര്‍ണ്ണതോതില്‍ ഉപയോഗ സജ്ജമായ 18 വിമാനങ്ങളായിരുന്നു. ഇതിന്‍റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ കരാറില്‍ ഉള്ള 36 വിമാനങ്ങളുടെ വില തുല്യമാണ്. റിലയിന്‍സിന് പണം നല്‍കുകയല്ല കമ്പനി ചെയ്തതെന്നും ഡാസോ - റിലയന്‍സ് സംയുക്ത സംരംഭത്തിലേക്ക് നിക്ഷേപം നടത്തുകയാണ് ഉണ്ടായതെന്നും എറിക് കൂട്ടിച്ചേര്‍ത്തു. എന്നാൽ ഡാസൊയുടെ വിശദീകരണത്തെ തള്ളിയ കോൺഗ്രസ് എച്ച് എ എല്ലുമായി ധാരണയായ കരാർ എന്തിനാണ് റിലയൻസിനു നൽകിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

MORE IN INDIA
SHOW MORE