പട്ടേൽ പ്രതിമ കാണാൻ ആളൊഴുക്ക്; നട്ടം തിരിഞ്ഞ് ഗുജറാത്ത് സർക്കാർ

sardar-patel-statue
SHARE

ലോകത്തിന്റെ ഉയരങ്ങളിലേക്ക് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ തല ഉയർത്തി നിൽക്കുമ്പോൾ ആ വിസ്മയം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ഗുജറാത്തിലെ  നർമ്മദ ജില്ലയിൽ പണിതുയർത്തിയ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ശനിയാഴ്ച മാത്രം 27, 000 പേരാണ് എത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം ഏറ്റവും കൂടുതൽ പേർ പ്രതിമ കാണാനെത്തിയ ദിവസമെന്ന റെക്കോർഡും നവംബർ പത്തിന് സ്വന്തമായി.

എന്നാൽ ഇൗ അദ്ഭുത തിരക്ക് ഗുജറാത്ത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രതിമയ്ക്ക് അകത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈ സ്പീഡ് ലിഫ്റ്റിന് ഒരു ദിവസം 5000 പേരെ മാത്രമേ പ്രതിമയുടെ മുകളിലെ വ്യൂവേർസ് ഗാലറിയിലേക്ക് കൊണ്ടുപോകാൻ പറ്റൂ. ശനിയാഴ്ചയെത്തിയ 22,000 പേരും വ്യൂവേഴ്സ് ഗാലറിയിൽ കയറാൻ സാധിക്കാതെ നിരാശയോടെ മടങ്ങി. ഇതു കണക്കിലെടുത്ത് പ്രതിമ കാണാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യണമെന്നാണ് സർക്കാർ നിർദേശം.  ഒരു ദിവസം മാത്രം 27,000 പേരെത്തിയ സാഹചര്യത്തിൽ സന്ദർശകരുടെ എണ്ണവും വരുമാനവും ഇനിയും വർധിക്കുമെന്നാണ് കണക്കുക്കൂട്ടൽ. 

സർദാർ സരോവർ അണക്കെട്ടിന് സമീപത്താണ് 182 മീറ്റർ ഉയരമുളള പ്രതിമ പണിതുയർത്തിയത്. മൂന്ന് വയസുവരെയുളള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 15 വയസ് വരെ 200 രൂപയാണ് ടിക്കറ്റ് ചാർജ്. മുതിർന്നവർക്ക് പ്രവേശനത്തിന് 350 രൂപ നൽകണം. ഇതുവരെ 2.10കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.

MORE IN INDIA
SHOW MORE