‘വസ്ത്രങ്ങൾ കീറിയെറിഞ്ഞു; ക്രൂരമായി ബലാത്സംഗം ചെയ്തു’; അക്ബറിനെതിരെ വീണ്ടും, ഞെട്ടല്‍

mj-akbar-ex-minister
SHARE

'മീ ടു' വെളിപ്പെടുത്തലിനെ തുടർന്ന് വിദേശകാര്യ സഹമന്ത്രിസ്ഥാനം നഷ്ടമായ എം.ജെ.അക്ബറിനെതിരെ വീണ്ടും ഗുരുതര ലൈംഗികാരോപണം. ഇരുപതോളം വനിതാമാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തലിന് ശേഷം രാജിവെച്ച അക്ബർ പുതിയ വെളിപ്പെടുത്തലോടെ കൂടുതൽ പ്രതിരോധത്തിലായി. 

പ്രമുഖ മാധ്യമത്തിന്‍റെ ചീഫ് ബിസിനസ് എഡിറ്ററാണ് എം.ജെ അക്ബറിനെതിരെ കടുത്ത ആരോപണങ്ങളുടെ കെട്ടഴിച്ചത്. അക്ബറിന് കീഴില്‍ ഏഷ്യന്‍ഏജില്‍ ജേര്‍ണലിസ്റ്റായിരുന്ന കാലത്തായിരുന്നു അക്ബർ ക്രൂരമായി പീഡിപ്പിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ്  അക്ബറിനെ തുറന്നു കാട്ടിയത്. 

അവരുടെ വാക്കുകള്‍ ഇങ്ങനെ: 

1994 ൽ ഏഷ്യന്‍ ഏജിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു അക്ബര്‍. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ തന്നെ അക്ബർ എന്നെ അതിശയിപ്പിച്ചിരുന്നു. മിടുക്കനായിരുന്ന പത്രപ്രവർത്തകനായിരുന്നു അയാൾ. അക്ബറിന്റെ വാക്ചാതുരിയും ശൈലീപ്രയോഗങ്ങളിലും എന്നെ ഏറെ വിസ്മയിപ്പിച്ചിരുന്നു. അതുകൊണ്ടാകാം അയാളുടെ തുറിച്ചു നോട്ടവും അശ്ലീലപ്രയോഗവും ഞാൻ അവഗണിച്ചത്. അതിനു ഞാൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഏറെ വൈകാതെ എഡിറ്ററായി അയാൾക്ക് സ്ഥാനക്കയറ്റം കിട്ടുകയും ചെയ്തു. ഒരു എഡിറ്റോറിയല്‍ ലേഖനവുമായി ബന്ധപ്പെട്ട് ഞാന്‍ അക്ബറിനെ കാണാന്‍ ചെന്നു. ആദ്യം വളരെയധികം അഭിനന്ദിച്ച അയാള്‍ പെട്ടെന്ന് എന്നെ ചുംബിക്കാന്‍ ആഞ്ഞു. അന്ന് കുതറിമാറിയെങ്കിലും, ആ അനുഭവം എന്നെ വല്ലാതെ ഉലച്ചിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് ശേഷം മുംബൈയിൽ ഒരു മാസികയുടെ പ്രകാശന ചടങ്ങിനു ഗോഗോയിയെ അക്ബര്‍ ക്ഷണിച്ചു. അന്നു തനിക്കരികിലേക്ക് ചുംബിക്കാന്‍ വന്ന അക്ബറിനെ എതിര്‍ക്കുകയും തള്ളിയകറ്റുകയും ചെയ്തു. അയാള്‍ തന്റെ മുഖം മാന്തിക്കീറി. കണ്ണീരണിഞ്ഞ് താന്‍ താഴേയ്ക്ക് ഓടിയെന്നും ഇവര്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം അതുപോലെ പ്രതിരോധിക്കുന്നത് ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് അക്ബര്‍ ഭീഷണിപ്പെടുത്തുന്നത് പതിവായി തീര്‍ന്നു. 

പിന്നീട് പല തവണ അയാൾ എന്നെ ലൈംഗികമായി ആക്രമിച്ചു. മാനസികമായി ഏറെ തളർന്ന നിലയിലായിരുന്നു ഞാൻ. പൊലീസിൽ അറിയിക്കാൻ എനിക്കു ധൈര്യമുണ്ടായില്ല. കണ്ണീരോടെ എല്ലാം സഹിക്കുകയല്ലാതെ മറ്റൊരു മാർഗവും അന്ന് എന്റെ മുൻപിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ അവർക്കും എഡിറ്ററിൽ നിന്ന് ഇത്തരം കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നതായി അറിഞ്ഞു.

ഒരിക്കല്‍ ജോലിയുടെ ഭാഗമായി അക്ബര്‍ തന്നെ ജയ്പൂരിലേയ്ക്ക് യാത്ര ചെയ്യാൻ ക്ഷണിച്ചു. വാർത്തയുടെ കാര്യം സംസാരിക്കാനെന്ന വ്യാജേന അയാളുടെ റൂമിലേയ്ക്ക് വിളിപ്പിച്ചു. ഹോട്ടൽമുറിയിൽ വെച്ച് അയാൾ എന്നെ കീഴ്പ്പെടുത്തി. വസ്ത്രങ്ങൾ ഒന്നൊന്നായി കീറിയെറിഞ്ഞു ക്രൂരമായി ബലാത്സംഗം ചെയ്തു. ഞാൻ പ്രതിരോധിച്ചെങ്കിലും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. നാണക്കേടും ഭയവും മൂലം സംഭവം ഞാൻ പുറത്തു പറഞ്ഞില്ല. 

ഈ ലൈംഗിക ചൂഷണം മാസങ്ങളോളം തുടർന്നു. മാനസികവും വൈകാരികവുമായി അയാൾ ഈ വ്യഭിചാരം തുടർന്നു. എനിക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. സഹപ്രവർത്തകരായ പുരുഷൻമാരുമായി ഞാൻ സംസാരിച്ചാൽ അയാളുടെ നിയന്ത്രണം വിടുമായിരുന്നു. ലണ്ടനിലെ ഓഫിസിൽ വച്ച് ഒട്ടും നിയന്ത്രണമില്ലാതെ ഒരു ഭ്രാന്തനെ പോലെ അയാൾ എനിക്കു നേരേ പാഞ്ഞടുത്തു. എന്റെ സഹപ്രവർത്തകരുമായി ഞാൻ സംസാരിച്ചതാണ് അയാളെ പ്രകോപിപ്പിച്ചത്. അയാൾ കോപാകുലനായി എന്നെ അടിച്ചു. തന്റെ ഡസ്‌കില്‍ ഇരുന്ന സാധനങ്ങള്‍ എടുത്ത് എറിയുകയും ചെയ്തു. കത്രികയും പേപ്പര്‍വെയ്റ്റും കയ്യില്‍ കിട്ടിയതെല്ലാമെടുത്ത് തനിക്ക് നേരെ എറിഞ്ഞു. ഓഫീസില്‍ നിന്നും ഓടിരക്ഷപ്പെട്ട താന്‍ ഹൈഡ്പാര്‍ക്കില്‍ ഒരു മണിക്കൂറോളം ഒളിച്ചിരുന്നു. ഒടുവില്‍ ജോലി രാജി വെച്ച് രക്ഷപ്പെടുകയായിരുന്നു.

 അക്‌ബറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇനിയും തന്റെ ദുരനുഭവം മൂടിവയ്‌ക്കുന്നത് ശരിയല്ലെന്ന തീരുമാനത്തിലാണ് ഇപ്പോൾ ഇത് പുറത്തുവിടുന്നതെന്ന് ഇവര്‍ കുറിച്ചു. 'സത്യം പുറത്തുകൊണ്ടുവന്ന എല്ലാ സ്ത്രീകൾക്കുവേണ്ടിയുമാണ് ഞാനിതിപ്പോൾ പറയുന്നത്, ഒപ്പം കൗമാരക്കാരായ എന്റെ മകൾക്കും മകനും വേണ്ടിക്കൂടി' -അവര്‍ വ്യക്തമാക്കി.  

MORE IN INDIA
SHOW MORE