എത്ര കള്ളപ്പണം പിടിച്ചു; പൗരന്മാർക്ക് എത്ര കൊടുത്തു? മോദിയോട് വിവരാവകാശ കമ്മീഷൻ

modi
SHARE

വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷൻ. കേന്ദ്രമന്ത്രിമാർക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകാനും നിർദേശമുണ്ട്. 2014 മുതൽ 2017 വരെയുള്ള കാലയളവിലുണ്ടായിട്ടുള്ള പരാതികൾ സംംബന്ധിച്ച വിവരങ്ങൾ നൽകാനാണ് വിവരാവകാശ കമ്മീഷണർ രാധാകൃഷ്ണ മാത്തൂർ നിർദേശം നൽകിയിരിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്റെ അളവും മൂല്യവും സംബന്ധിച്ച വിവരങ്ങൾ കൈമാറണം. ഇതിനായി സർക്കാർ സ്വീകരിച്ച നടപടികളുടെ വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തുനിന്ന് കണ്ടെടുത്ത കള്ളപ്പണത്തിൽ എത്ര തുക ഇന്ത്യൻ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിൽ സർക്കാർ നിക്ഷേപിച്ചിട്ടുണ്ടെന്നതും വെളിപ്പെടുത്തണം. 

നേരത്തെ ഇതേ ചോദ്യങ്ങൾ ചോദിച്ച വിവരാവകാശ അപേക്ഷയിൽ തീരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ നിർദേശം. കള്ളപ്പണം സംബന്ധിച്ച ചോദ്യങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ട വിവരങ്ങളുടെ നിർവചനത്തിനുള്ളിൽ വരുന്നതല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തിരുന്ന നിലപാട്. എന്നാൽ ഇത് തെറ്റായ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മീഷൻ തള്ളിയിരുന്നു. 

MORE IN INDIA
SHOW MORE