അവൾ തന്റേടമുള്ളവൾ, അപൂർവയിനം വിത്ത്; ചിൻമയിക്കൊപ്പം ഭർത്താവ്

chinmayi-rahul
SHARE

മീ ടൂ വെളിപ്പെടുത്തലുകൾ നടത്തിയ ഗായിക ചിൻമയിയെ പിന്തുണച്ചും ട്രോളിയവർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയും ഭർത്താവും സിനിമാ താരവുമായ രാഹുൽ രവീന്ദ്രൻ രംഗത്ത്. ഇത്തരം വെളിപ്പെടുത്തലുകൾ നടത്താന്‍ ഭാര്യ കാണിച്ച ധൈര്യത്തെ രാഹുൽ അഭിനന്ദിക്കുകയും ചെയ്തു. ചിൻമയി അപൂർവയിനം വിത്താണെന്നും അതിന്റെ പേരിൽ വിമർശിക്കാൻ വരുന്നവർക്ക് വേറെ ജോലിയൊന്നും ഇല്ലാത്തവരാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

''എന്റെ ട്വിറ്റർ പേജിൽ വന്നു മോശമായ രീതിയിൽ കമന്റുകളും വിമർശനങ്ങൾക്കും നടത്തുന്ന യാതൊരു ജോലിയും ഇല്ലാത്തവരോടുള്ള മറുപടിയാണ് ഈ കുറിപ്പ്. നിങ്ങൾ എത്ര ചീത്ത വിളിച്ചിട്ടും കാര്യമില്ല. എന്റെ ഭാര്യ അവൾക്കു നേരിടേണ്ടി വന്ന അതിക്രമങ്ങൾ തുറന്നു പറയും. കാരണം അവള്‍  അപൂർവയിനം വിത്താണ്. തുറന്നു പറയാനുള്ള തന്റേടം അവൾക്കുണ്ട്. നിങ്ങൾ അവളെ ചീത്തവിളിക്കുന്നത് ആണെന്ന അഹങ്കാരത്തിന്റെ ധൈര്യത്തിലാണ്. അടുത്തുതന്നെ നിരവധി മാറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ വന്നു കഴിഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യനീതി ലഭ്യമാകുന്ന ലോകം വിദൂരമല്ല. ഞാൻ വിവാഹം കഴിച്ചതു സ്നേഹവും കരുതലുമുള്ള സ്ത്രീയെയാണ്. അതിൽ എനിക്കു തെറ്റുപറ്റിയിട്ടില്ല.  അവളേക്കാൾ കൂടുതൽ എന്റെ കാര്യങ്ങൾ അവൾ ശ്രദ്ധിക്കാറുണ്ട്. ഞാൻ സംതൃപ്തനാണ്. അവൾ വിവേകമുള്ള സ്ത്രീയാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു'', രാഹുൽ ട്വീറ്റ് ചെയ്തു. 

തമിഴ് ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെയും ഗായകൻ കാർത്തികിനെതിരെയും ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി ചിൻമയി രംഗത്തു വന്നിരുന്നു. ചിൻമയിയുടെ വെളിപ്പെടുത്തലുകള്‍ക്കു ശേഷം നിരവധി പേർ തങ്ങൾക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തു വന്നിരുന്നു. 

MORE IN INDIA
SHOW MORE