അമൃത്‍സര്‍ ട്രെയിന്‍ അപകടം; പഴിചാരി സര്‍ക്കാരും കേന്ദ്രവും

train-tragedy
SHARE

അമൃത്‍സര്‍ ട്രെയിന്‍ അപകടത്തില്‍ പരസ്പരം പഴിചാരി പഞ്ചാബ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും. റയില്‍വേ ട്രാക്കിനടുത്ത് രാവണദഹന ചടങ്ങുനടത്താന്‍ അനുമതിയില്ലായിരുന്നെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ലെവല്‍ ക്രോസ് അടച്ചിരുന്നില്ലെന്നും ട്രെയിന്‍ വേഗം നിയന്ത്രിച്ചില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം. മരിച്ചവരുടെ എണ്ണം 61 ആയി.

പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദുവിന്റെ  ഭാര്യ നവ് ജോത് സിങ് കൗറായിരുന്നു ദുരന്തസ്ഥലത്തെ ദസറ അഘോഷത്തിലെ മുഖ്യാതിഥി. കൗര്‍ തന്നെയായിരുന്നു പരിപാടിയുടെ പ്രധാനസംഘാടകയെന്നാണ് ബിജെപിയുടെയും ശിരോമണി അകാലിദളിന്റെയും ആരോപണം. സംഭവം നടന്നയുടന്‍ ഇവര്‍ സ്ഥലംവിട്ടതായും ആരോപണമുണ്ട്. അപകടം നടന്ന ജോധ ഫടക്കില്‍ ആഘോഷത്തിന് അനുമതിയില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. അപകടം നടന്ന ലെവല്‍ ക്രോസ് വേഗ നിയന്ത്രണമില്ലാത്ത സ്ഥലമാണെന്ന് റയില്‍വേയും വ്യക്തമാക്കി.

എന്നാല്‍ റയില്‍വേയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പിഴവാണ് അപകടത്തിന് കാരണമെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ വാദം. ട്രെയിന്‍ ഹോണ്‍ മുഴക്കിയില്ലെന്നും ലെവല്‍ ക്രോസുകള്‍ അടച്ചിരുന്നില്ലെന്നും പരുക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനിടെ പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദു മറുപടി നല്‍കി.

അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പരുക്കേറ്റവരെ സന്ദര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിന്‍ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. നിലവില്‍ അമേരിക്കയിലുള്ള കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും.

MORE IN INDIA
SHOW MORE