'അനിയൻ വല്ലാത്ത ശല്യം; എവിടെയും പിറകേ വരും'; കഴുത്തുഞെരിച്ച് കൊന്ന് സഹോദരി

sissss
SHARE

എവിടെപോയാലും പിന്നാലെ വരും. ശല്യം സഹിക്കാൻ വയ്യ. 19 കാരിയായ സഹോദരി അഞ്ചു വയസുള്ള അനിയനെ കഴുത്തു ഞെരിച്ചു കൊന്നു. ലുധിയാനയിലെ അമർജിത് കോളനിയിലാണ് ഈ ക്രൂരത നടന്നത്. കുട്ടിയെ കാണാതായി ഒരു ദിവസം കഴിഞ്ഞപ്പോൾ വീടിനുള്ളിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ സഹോദരി രേണു പൊലീസിനോട് കുറ്റം സമ്മതിച്ചു. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് പെൺകുട്ടി കുറ്റം ചെയ്തത് താനാണ് എന്ന് സമ്മതിച്ചത്. സഹോദരൻ അൻഷിനെക്കൊണ്ട് സഹികെട്ടെന്നും താൻ‌ എവിടെപ്പോയാലും പിന്നാലെ വരുമെന്നും തനിക്ക് ഒരു സ്വകാര്യത ലഭിക്കുന്നില്ലെന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണ് രേണു പൊലീസിനോട് പറഞ്ഞത്. 

മാത്രമല്ല അനിയൻ തന്നെക്കുറിച്ച് നുണകൾ മാതാപിതാക്കളോട് പറയുമായിരുന്നുവെന്നും ചെയ്തതിൽ ഒരു പശ്ചാത്താപവും തോന്നുന്നില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.

രേണു സ്ഥിരമായി സമീപവാസിയായ ആൺകുട്ടിയെ കാണാൻ പോകാറുണ്ടായിരുന്നു. ഇയാൾക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ് എന്നും പൊലീസ് പറയുന്നു. രേണുവിന് രണ്ട് സഹേദരിമാരും ഉണ്ട്. 

ഒക്ടോബര്‍ 6ന് ആശുപത്രിയില്‍ ചികിത്സയിലുളള ഒരു ബന്ധുവിനെ കാണാന്‍ ആന്‍ഷിന്റെ അമ്മ പോയിരുന്നു. താനും കൂടെ പോകുന്നുവെന്ന് കുട്ടി പറഞ്ഞെങ്കിലും രേണു ചോക്ലേറ്റ് നല്‍കി കുട്ടിയെ വീട്ടിനകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടത് കൈ കൊണ്ടാണ് കൃത്യം നടത്തിയിരിക്കുന്നത്. രേണു ഇടംകൈ കൊണ്ട് കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്.

കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കുട്ടിയുടെ മൃതദേഹം ബാഗിലാക്കി വീട്ടിന് പുറത്ത് കളയുകയായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങളും ഊരി മാറ്റിയിരുന്നു. മാതാപിതാക്കള്‍ തിരികെ എത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നാണ് രേണു പറഞ്ഞത്. വസ്ത്രങ്ങള്‍ ഇപ്പോഴും കണ്ടെത്താനായില്ല. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് വീട്ടിലെ ഒരു ബാഗ് കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബാഗ് കണ്ടെത്തിയത്. ഐപിസി 365 പ്രകാരം തട്ടിക്കൊണ്ടുപോകല്‍, ഐപിസി 302 പ്രകാരം കൊലപാതകം എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.