പരിസ്ഥിതി സംരക്ഷണം: ഫ്ലക്സുകളും പ്ലാസ്റ്റിക്കും ഉപേക്ഷിച്ച് ബെംഗളൂരു

benga;luru
SHARE

പരിസ്ഥിതി സംരക്ഷണത്തിനായി ഫ്ലക്സുകളും, പ്ലാസ്റ്റിക്കും ഉപേക്ഷിച്ച് ബെംഗളൂരു നഗരം. നഗരത്തിലുള്ള മുഴുവന്‍ ഫ്ലക്സുകളും, ബാനറുകളും നീക്കം ചെയ്യാന്‍ ഹൈക്കോടതി കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് ബെംഗളൂരു വീണ്ടും പച്ചപുതച്ചത്. ഫ്ലക്സ് ബോര്‍ഡുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഹൈക്കോടതിയുടെ വിമര്‍ശനം നേരിടുമ്പോളാണ് കര്‍ശന നടപടിയെടുത്ത് കര്‍ണാടക മാതൃകയാകുന്നത്. 

ഒരു മാസം മുൻപു വരെ ഐടി നഗരം അലങ്കോലമായ മുറിക്ക്സമാനമായിരുന്നു.  കട്ടൗട്ടുകളും ബാനറുകളും  തിങ്ങിനിറഞ്ഞിരുന്ന നിരത്തുകള്‍. വിവാഹത്തിനും ബര്‍ത്ത്ഡേയ്ക്കുമടക്കം നോക്കുകുത്തികള്‍ പോലെ ഫുട്പാത്തുകള്‍ അടച്ച് ഉയര്‍ന്നിരുന്ന ബാനറുകള്‍. കെട്ടിടങ്ങള്‍ക്ക് മുകളില്‍ തലയെടുപ്പോടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും, കമ്പനികളുടെയും ഭീമന്‍ പരസ്യ ബോര്‍ഡുകള്‍. എന്നാൽ പരിസ്ഥിതി പ്രശ്നമുയര്‍ത്തുന്നതും നഗരത്തിന്റെ സൗന്ദര്യം കെടുത്തുന്നതുമായ ഇത്തരം പരിപാടികളൊന്നും വേണ്ടെന്നു ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ നഗരത്തിന്റെ മുഖം മിനുങ്ങി. വഴിതടസപ്പെടുത്തിയിരുന്ന ബോര്‍ഡുകള്‍ നീങ്ങി നഗരം നിര്‍മലമായതിന്റെ സന്തോഷത്തിലാണ് ജനങ്ങളെല്ലാം. 

ഫ്ലക്സുകൾ നീക്കിയതിനു ശേഷം ചിലയിടങ്ങളില്‍ അസ്ഥികൂടം പോലെ ബാക്കി നില്‍ക്കുന്ന ഇരുമ്പ്ചട്ടക്കൂടുകൾ, മാത്രമാണ് രസക്കേട്. എന്നാലിതും നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പമാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള ബി.ബി.എം.പിയുടെ ഉത്തരവ്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് നീക്കം. ദിവസേന ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന ലാല്‍ബാഗില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തലവേദനയായതോടെയാണ് തീരുമാനം. ഫ്ലക്സും പ്ലാസ്റ്റിക്കും പ്രശ്നമുയര്‍ത്തു്ന്ന മറ്റ് നഗരങ്ങള്‍ക്കും മാതൃകയാവുകയാണ് ഉദ്യാനനഗരി.

MORE IN INDIA
SHOW MORE