നരേന്ദ്രമോദിക്ക് സമാധാന നൊബേല്‍ നല്‍കണമെന്ന് തമിഴ്നാട് ബിജെപി; പിന്നാലെ ‘ചര്‍ച്ചച്ചൂട്’

narendramodi-tamilisai
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാന നൊബേല്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് തമിഴ്നാട് ബി.ജെ.പി നേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് തമിഴസൈ സൗന്ദരരാജനാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കമിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. അമ്പത് കോടിയിലേറെ ജനങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെ ഗുണം ലഭിക്കാന്‍ പോകുന്നതെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ പദ്ധതിയാണിതെന്നും സൗന്ദരരാജന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എം.പിമാരും സര്‍വകലാശാല പ്രതിനിധികളുമടക്കം പ്രധാനമന്ത്രിക്കായി ശുപാര്‍ശ ചെയ്യണമെന്ന നിര്‍ദേശവും തമിഴ്നാട് ബി.ജെ.പി അധ്യക്ഷ മുന്നോട്ട് വച്ചിട്ടുണ്ട്. 2019 ജനുവരി 31 വരെയാണ് നൊബേല്‍ പുരസ്കാരത്തിനുള്ള ശുാപാര്‍ശകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. തമിഴസൈയുടെ ഭര്‍ത്താവും സ്വകാര്യ സര്‍വകലാശാലയിലെ നെഫ്രോളജി വിഭാഗം തലവനുമായ ഡോ.പി.സൗന്ദരരാജനും മോദിയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.  ബിജെപി സംസ്ഥാന അധ്യക്ഷയ്ക്കെതിരായ ട്രോളുകള്‍ ട്വിറ്ററിലടക്കം നിറയുകയാണ്. മികച്ച അഭിനയം കണക്കിലെടുത്ത് ഓസ്കര്‍ പുരസ്കാരത്തിന് കൂടി നാമനിര്‍ദേശം ചെയ്യാന്‍ മുന്‍ കൈ എടുക്കണമെന്നാണ് തമിഴസൈയോടുള്ള ട്രോളര്‍മാരുടെ പ്രധാന അഭ്യര്‍ഥന. പ്രധാനമന്ത്രി സ്വന്തം അമ്മയുടെ ആരോഗ്യം ആദ്യം നോക്കട്ടെ എന്ന് പരിഹസിക്കുന്നവരും ഉണ്ട്. സാഹിത്യ നൊബേലിനായിരുന്നല്ലോ ശുപാര്‍ശ ചെയ്യേണ്ടിയിരുന്നത് എന്ന് മറ്റുചിലര്‍.

എന്ത്കൊണ്ട് നരേന്ദ്രമോദിക്ക് നൊബേല്‍ കൊടുക്കരുതെന്ന ക്യാംപയിന്‍ തുടങ്ങിയാലോ എന്ന ചോദ്യവുമായും ചിലരെത്തി. അങ്ങനെ മോദിക്ക് നൊബേല്‍ കൊടുക്കാനുള്ള തമിഴസൈയുടെ ശുപാര്‍ശയെ ട്രോളി കൊല്ലുകയാണ് തമിഴ്നാട്ടിലെ ട്രോളര്‍മാര്‍. എന്തായാലും ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയിലാണ് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ. തീരുമാനത്തെ പിന്തുണച്ച്  ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് തമിഴസൈക്ക് ആശ്വാസമായി. നിലപാടുകളുടെയും തീരുമാനങ്ങളുടെയും പേരില്‍ നേരത്തെയും വിവാദങ്ങളില്‍പെട്ടയാളാണ് തമിഴസൈ സൗന്ദരരാജന്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും അവരെ മാറ്റണമെന്നാവശ്യപ്പെട്ട് ചില നേതാക്കള്‍ ചരടുവലി നടത്തുന്നുമുണ്ട്.

MORE IN INDIA
SHOW MORE