ശൗചാലയമെന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്നു; ആദ്യ വിമാനയാത്രയില്‍ അറസ്റ്റില്‍

go-air
SHARE

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ പുറത്തേക്കുള്ള വാതില്‍ ശൗചാലയത്തിന്റെ വാതിലാണെന്ന് കരുതി തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. വിമാനം അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പരാതിയെ തുടര്‍ന്നായിരുന്ന് ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. കങ്കര്‍ബാഗ് സ്വദേശിയാണ് ഇയാളെന്ന വിവരം മാത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. പേരോ മറ്റുവിവരങ്ങളോ നല്‍കിയിട്ടില്ല. തിങ്കളാഴ്ചയാണ് ഇയാള്‍ പിടിയിലായത്. വിമാനത്തിലുള്ളവരെ മുഴുവന്‍ പരിഭ്രാന്തിയിലാക്കിയ പ്രവര്‍ത്തിയാണ് യാത്രക്കാരനില്‍ നിന്നും ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം. 

എന്നാല്‍ താന്‍ അപകടമുണ്ടാക്കാന്‍ ശ്രമിച്ചതല്ലെന്നും ജീവിതത്തില്‍ ആദ്യമായിട്ടാണ് വിമാനയാത്ര ചെയ്യുന്നതെന്നും ബാത്ത്‌റൂമിന്റെ വാതിലാണെന്ന് കരുതി അബദ്ധത്തില്‍ തുറന്നതാണെന്നുമാണ് ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്. ഡൽഹിയിൽ നിന്നും പാറ്റ്നയിലേക്ക് പോകുകയായിരുന്ന ഗോഎയർ വിമാനത്തിലാണ് സംഭവം. 

ബാങ്ക് ജീവനക്കാരനായ തന്നെ അജ്മീറിലേക്ക് പോസ്റ്റ് ചെയ്‌തെന്നും അവിടേയ്ക്ക് പോകാന്‍ ഡല്‍ഹിയില്‍ നിന്നുമാണ് കയറിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വിമാനത്തിലെ ജീവനക്കാർ നല്‍കിയ വിവരത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതും. അപായപ്പെടുത്താനുള്ള ശ്രമം അല്ലയെന്നും അറിയാതെ സംഭവിച്ചതാണെന്നും ഇയാളിൽ നിന്നും എഴുതി ഒപ്പിട്ട് വാങ്ങിയശേഷം വിട്ടയച്ചു.

MORE IN INDIA
SHOW MORE