അംബാനി പങ്കാളിയായത് എങ്ങനെ? 2015ലെ ആ പ്രസംഗം ആയുധമാക്കി കോൺഗ്രസ്

dazo-speech-2015
SHARE

റഫാല്‍ കരാറില്‍ ഫ്രഞ്ച് യുദ്ധവിമാനകമ്പനിയായ ഡാസോയുടെ മേധാവി എറിക് ട്രപ്പിയറിന്റെ 2015ലെ പ്രസംഗം മോദിക്കെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി അന്തിമഘട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ട്രപ്പിയറിന്റെ പ്രസംഗത്തിലുണ്ട്. ഇതിന് തൊട്ടുപിന്നാലെ മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴാണ് എച്ച്.എ.എല്ലിനെ ഒഴിവാക്കിയും റിലയന്‍സിനെ പങ്കാളിയാക്കിയും കരാറുണ്ടാക്കിയത്.  

പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കിയാണ് അനില്‍ അംബാനിയുടെ കടലാസ് കമ്പനിയെ റഫാല്‍ കരാറില്‍ മോദി സര്‍ക്കാര്‍ പങ്കാളിയാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിന് ശക്തിപ്പകരുന്നതാണ് ഡാസോ മേധാവി എറിക് ട്രപ്പിയറിന്റെ പ്രസംഗം. 2015 മാര്‍ച്ച് 25ന് നടത്തിയ പ്രസംഗത്തില്‍ എച്ച്.എ.എല്ലുമായി അന്തിമഘട്ട ചര്‍ച്ച നടക്കുകയാണെന്ന് ട്രപ്പിയര്‍ പറയുന്നു. ഈ പ്രസംഗത്തിന്റെ വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടു.

പതിനഞ്ച് ദിവസത്തിന് ശേഷം ഏപ്രില്‍ 10ന് മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴാണ് എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ പങ്കാളിയാക്കി പുതിയ കരാര്‍ പ്രഖ്യാപിച്ചത്. പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുന്‍പ് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറും എച്ച്.എ.എല്ലിനെക്കുറിച്ച് അനുകൂലമായ പ്രസ്താവന നടത്തിയിരുന്നു. 

ഇതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തിയെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലോന്‍ദിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രം തള്ളിയെങ്കിലും ട്രപ്പിയറിന്റെ പ്രസംഗത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം തുടരുകയാണ്. 

MORE IN INDIA
SHOW MORE