ഇടുങ്ങിയ ചിന്താഗതിക്കാർ തലപ്പത്ത്; ഇന്ത്യക്കെതിരെ രൂക്ഷഭാഷയിൽ ഇമ്രാൻ ഖാൻ

imran-khan-modi
SHARE

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയ ഇന്ത്യന്‍ നടപടി ധാര്‍ഷ്ട്യമാണെന്ന് പാക്കിസ്ഥാന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇടുങ്ങിയ ചിന്താഗതിക്കാര്‍ വലിയസ്ഥാനത്ത് ഇരിക്കുന്നതിന്റെ ഫലമാണ് തീരുമാനമെന്നും  ഇന്ത്യന്‍ നിലപാട് നിരാശയുണ്ടാക്കുന്നതാണെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. 

തന്റെ ജീവിതത്തില്‍ പലപ്പോഴും വിശാലചിന്തയില്ലാത്ത ഇടുങ്ങിയ ചിന്താഗതിക്കാരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇമ്രാന്‍  പറയുന്നു.  പാക് സൈന്യം  സൈനികന്റെ തലയറുത്തതും ഭീകരര്‍ ജമ്മു കശ്മീരില്‍  പൊലീസുകാരെ തട്ടിക്കൊണ്ടുപോയി നിഷ്ഠൂരമായി കൊലപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്. ഇന്ത്യന്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആരോപണങ്ങളില്‍ സംയുക്ത അന്വേഷണത്തിന് പാക്കിസ്ഥാന്‍ തയാറാണെന്നും പാക് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു   

കശ്മീരിൽ വെള്ളിയാഴ്ച മൂന്നു പൊലീസുകാരെ ഭീകരർ കൊലപ്പെടുത്തിയതിന്റെയും സൈന്യം വധിച്ച ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയെ മഹത്വവൽ‍ക്കരിച്ചു പാക്കിസ്ഥാൻ തപാൽ സ്റ്റാംപ് പുറത്തിറക്കിയതിന്റെയും പശ്ചാത്തലത്തിലാണ് ചർച്ചയിൽ നിന്നു പിന്മാറാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തി ഒരു മാസത്തിനുള്ളിൽ തന്നെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ യഥാർഥ മുഖം പുറത്തുവന്നെന്നും ഇന്ത്യ ആരോപിച്ചിരുന്നു.</p>

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ഇമ്രാൻ ഖാൻ കത്തിലൂടെ നടത്തിയ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണു യുഎൻ പൊതുസഭാ സമ്മേളനത്തിനെത്തുന്ന വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ചയാകാമെന്ന് ഇന്ത്യ സമ്മതിച്ചത്. ജൂലൈ 24ന് ആണു ബുർഹാൻ വാനിയെ മഹത്വവൽക്കരിച്ചുള്ളതുൾപ്പെടെ 20 തപാൽ‍ സ്റ്റാംപുകൾ‍ പാക്കിസ്ഥാൻ പുറത്തിറക്കിയത്. അതിനുശേഷമാണ് പാക്ക് തിരഞ്ഞെടുപ്പ് നടന്നത്. 

MORE IN INDIA
SHOW MORE