റഫാല്‍ അംബാനിക്ക് നൽകാൻ നിര്‍ദേശിച്ചത് ഇന്ത്യ; മോദിയെ കുരുക്കി ഫ്രാൻസ്

rafale-case-modi-ambani
SHARE

റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കുരുക്കി ഫ്രഞ്ച് മുന്‍ പ്രസിഡന്‍റിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. അനില്‍ അംബാനിയുടെ കമ്പനിക്ക് അനുബന്ധ കരാര്‍ നല്‍കണമെന്ന് നിര്‍ദേശിച്ചത് ഇന്ത്യയാണെന്ന് ഫ്രാന്‍സ്വെ ഒലോദ് വെളിപ്പെടുത്തി. വെളിപ്പെടുത്തലിനെക്കുറിച്ചുള്ള വാസ്തം പരിശോധിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. യുപിഎ സര്‍ക്കാരിന്‍റെ കാലത്തേതിനേക്കാള്‍ വിമാനങ്ങളുടെ വില കൂടിയത് എങ്ങിനെയെന്നതും ഒലോദ് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് ഫ്രാന്‍സ്വെ ഒലോദ് പ്രസിഡന്‍റായിരിക്കെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 2015 ഏപ്രിലില്‍. അനുബന്ധ കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് നല്‍കിയത് കോണ്‍ഗ്രസ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ശക്തമായ ആയുധമാക്കുന്നതിനിടയിലാണ് ദേശീയ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിയുണ്ടാക്കാവുന്ന നിര്‍ണായക വെളിപ്പെടുത്തല്‍. അനുബന്ധകരാര്‍ അനില്‍ അംബാനിക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചത് ഇന്ത്യയാണെന്ന് ഫ്രാന്‍സ്വൊ ഒലോദ് പറഞ്ഞതായി ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയാപാര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തു. 

ഫ്രാന്‍സിനു മുന്നില്‍ മറ്റ് വഴികളില്ലായിരുന്നുവെന്നും അംബാനിയുടെ കമ്പനിയില്‍ നിന്ന് സൗജന്യങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും ഒലോദ് വ്യക്തമാക്കിയതായി മീഡിയാ പാര്‍ട്ടിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. അനില്‍ അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കിയത് റഫാല്‍ യുദ്ധ വിമാന നിര്‍മ്മാതാക്കളായ ഡസോ ഏവിയേഷന്‍റെ താല്‍പര്യ പ്രകാരമാണെന്നാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ വാദിച്ചിരുന്നത്. യുദ്ധ വിമാനം ഒന്നിന്‍റെ വില 2012 ല്‍ 590 കോടിയില്‍ നിന്ന് 2015ല്‍ 1690 കോടി രൂപയായി ഉയര്‍ന്നത് എങ്ങിനെയാണെന്ന് കൂടി ഒലോദ് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

MORE IN INDIA
SHOW MORE