‘മോദിക്ക് എട്ടാംക്ലാസ് വിദ്യാഭ്യാസമേയുള്ളൂ’; വിവാദത്തില്‍ ചാടി ദിവ്യ; സത്യം പറഞ്ഞ് മറുട്വീറ്റ്

divya-spandana
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളുവെന്നു പറ‍ഞ്ഞെത്തിയ കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മേധാവിയും നടിയുമായ ദിവ്യ സ്പന്ദനയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ വിവാദത്തില്‍. മോദി തന്നെ ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ടെന്നു പറ‍ഞ്ഞ് വിഡിയോ സഹിതം ആയിരുന്നു പോസ്റ്റ്. 

‘ഒരുപാട് കഷ്ടപ്പെട്ടാണ് ഞാനീ വിഡിയോ കണ്ടുപിടിച്ചത്. 1998 ൽ നടന്ന ഈ അഭിമുഖത്തിൽ തനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്‍റെ കയ്യിൽ 1979 ൽ പൂർത്തിയാക്കിയ ബിരുദമിരിക്കുന്നു'', ദിവ്യ സ്പന്ദനയുടെ ആദ്യ ട്വീറ്റ് ഇങ്ങനെ.

എന്നാല്‍ അഭിമുഖത്തിന്‍റെ ഒരു ഭാഗം മാത്രമാണ് ദിവ്യ പോസ്റ്റ് ചെയ്തത്. 17–ാം വയസിൽ വീടു വിട്ടിറങ്ങിയെന്നും ആ സമയത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് മോദി അഭിമുഖത്തിൽ പറയുന്നത്. എന്നാല്‍ ആര്‍എസ്എസ് നിർദേശത്തെ തുടർന്ന് വിദൂര പഠനത്തിലൂടെ തുടർവിദ്യാഭ്യാസം നേടിയെന്നും ഡൽഹി സര്‍വകലാശാലയിൽ നിന്നും ബിഎയും എംഎയും പൂർത്തിയാക്കിയെന്നും തുടർന്ന് പറയുന്നുണ്ട്. 

സത്യം മനസിലായതോടെ അത് പൂർണമല്ലാത്ത വിഡിയോ ആയിരുന്നുവെന്ന് അംഗീകരിച്ചുകൊണ്ട് ദിവ്യ സ്പന്ദന തന്നെ രംഗത്തെത്തി. എന്നാൽ ആദ്യത്തെ ട്വീറ്റ് ഡീലിറ്റ് ചെയ്തില്ല. ആദ്യ ട്വീറ്റിന് 20000 ത്തോളം റീട്വീറ്റുകൾ ലഭിച്ചപ്പോൾ രണ്ടാമത്തെ ട്വീറ്റിന് 200 റീട്വീറ്റുകൾ മാത്രമാണ് ലഭിച്ചത്. 

MORE IN INDIA
SHOW MORE