മദ്യലഹരിയിലെത്തി; ഊതിക്കാനൊരുങ്ങി പൊലീസ്: ബ്രത്തലൈസറുമായി കടന്നു

breath-testing
SHARE

ആക്ഷൻഹീറോ ബിജു എന്ന സിനിമയിൽ പോലീസിന്റെ വയർലെസ് സെറ്റ് അടിച്ചു കൊണ്ടു പോകുന്ന രകസകരമായ സീൻ ഓർമ്മയില്ലേ. ഏകദേശം അതു പോലെ തന്നെയാണ് ചെന്നൈ പൊലീസിന്റെ അവസ്ഥയും. കൂട്ടുകാരൻ അപകടത്തിൽപ്പെട്ടെന്ന് വിശ്വസിപ്പിച്ച് പൊലീസുകാരനെ വിളിച്ചു വരുത്തി മൊബൈൽ തട്ടിയെടുത്ത് കടന്നു കളഞ്ഞ സംഭവം ദിവസങ്ങൾക്കു മുൻപാണ് ചെന്നൈയിൽ നടന്നത്. വഴിയരികിൽനിന്ന പൊലീസുകാരന്റെ മൊബൈൽ ബൈക്കിലെത്തി തട്ടിയെടുത്തു കടന്ന സംഭവവും ദിവസങ്ങൾക്കു മുൻപ് ചൈന്നൈയിലാണ് നടന്നത്. റോയപ്പേട്ടയിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യംചെയ്ത പൊലീസ് കോൺസ്റ്റബിളിനെ വെട്ടി പരുക്കേൽപിച്ച സംഭവവും ഉണ്ടായി. 

നഗരത്തിൽ മദ്യലഹരിയിൽ കാറോടിച്ചു വന്ന എൻജിനീയറിങ് വിദ്യാർഥി പൊലീസിന്റെ ബ്രത്തലൈസറുമായി കടന്ന സംഭവമാണ് ഏറ്റവും പുതിയത്. 

സംഭവത്തിൽ അണ്ണാ സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർഥി വേളാച്ചേരി സ്വദേശി ഭൂഷണെ (20) അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പൊലീസ് പറയുന്നതിങ്ങനെ: 

സത്യാ സ്റ്റുഡിയോയ്ക്കു സമീപം വാഹനപരിശോധന നടത്തുന്നതിനിടെ അഡയാർ ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ കാർ പൊലീസ് തടഞ്ഞു.

കാർ ഓടിച്ചിരുന്ന ഭൂഷൺ എന്ന യുവാവ് മദ്യപിച്ചിരുന്നതായി   ബ്രത്തലൈസറിൽ തെളിഞ്ഞു. പൊടുന്നനെ ബ്രത്തലൈസർ തട്ടിയെടുത്ത ഭൂഷൺ വേഗത്തിൽ ഓടിച്ചുപോയി. തുടർന്ന് അഡയാർ ഭാഗത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു. ബ്രത്തലൈസറും പിടിച്ചെടുത്തു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നു പൊലീസ് അറിയിച്ചു.

മന്തവേലിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. അഡയാർ സ്വദേശി വെങ്കിടേശൻ (20), ഒട്ടേരി സ്വദേശി മേഘസൂര്യ (20), പ്രായപൂർത്തിയാവാത്ത വിദ്യാർഥി, ഇവരെ സഹായിച്ച അഡയാർ സ്വദേശി ശരവണൻ (20) എന്നിവരാണു പിടിയിലായത്.ചെന്നൈ പുതുപ്പേട്ട് പൊലീസ് സ്റ്റേഷനിലെ ആംഡ് റിസർവ് ഇൻസ്പെക്ടർ മണിമാരന്റെ (25) ഫോണാണ് ഇവർ പിടിച്ചുപറിച്ചത്. ബൈക്കിലെത്തിയ സംഘം മ വഴി ചോദിക്കാനെന്ന വ്യാജേന വാഹനം നിർത്തിയശേഷം പൊടുന്നനെ മൊബൈൽ തട്ടിയെടുത്തു കടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അഞ്ചു മൊബൈൽ ഫോണുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു. നഗരത്തിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ച് സുരക്ഷ ശക്തമാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

MORE IN INDIA
SHOW MORE