ബിജെപി അധ്യക്ഷയോട് ഇന്ധനവിലയെപ്പറ്റി ചോദിച്ചു; പിന്നാലെ അടിയുടെ പൂരം; വിഡിയോ

tamilnadu-bjp-president
SHARE

സാധാരണക്കാരന്റെ നടുവൊടിക്കുന്ന ഇന്ധനവില വർധനവിനെക്കുറിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷയോട് അഭിപ്രായം ചോദിച്ച സാധാരണക്കാരന് ബിജെപി പ്രവർത്തകരുടെ വക ക്രൂരമർദനം. ചെന്നൈയിലെ ഒാട്ടോ റിക്ഷാ ഡ്രൈവറായ കതിര്‍ ആണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിള്‍ഇസൈ സൗന്ദരരാജനോട് പെട്രോൾ വിലവർധനവിനെക്കുറിച്ച് ചോദിച്ചത്. ഇത് കേട്ടതും ചുറ്റുമുണ്ടായിരുന്ന ബിജെപി പ്രവർത്തകർ ഇയാളെ ക്യാമറയുടെ മുന്നിലിട്ട് മർദിക്കുകയായിരുന്നു.  

'അക്കാ ഒരു നിമിഷം, പെട്രോൾ വില ഒാരോ ദിനവും ഏറിയിട്ടിറുക്ക്..’ ചോദ്യം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഇയാളെ പ്രവർത്തകർ പിടിച്ചുമാറ്റി മർദിക്കുകയായിരുന്നു. കതിറിന് മര്‍ദ്ദനമേല്‍ക്കുമ്പോഴും ഇത് കണ്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയാണ് ബിജെപി നേതാവ്. ഇൗ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞായറാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള തമിള്‍ഇസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. 

 ഉയരുന്ന ഇന്ധനവിലയോട് ഒരു ഓട്ടോ ഡ്രൈവര്‍ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം കാട്ടുക മാത്രമാണ് ചെയ്തതെന്നും പക്ഷേ ചിലര്‍ അത് തെറ്റായാണ് എടുത്തതെന്നും കതിര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുമായി ദിവസേന വേണ്ടത് 500 രൂപയോളമാണ്. പക്ഷേ ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓട്ടോ വാടകയും കഴിച്ച് 350 രൂപയേ മിച്ചംപിടിക്കാന്‍ ആവുന്നുള്ളൂ', വർഷങ്ങളായി ഒാട്ടോ ഒാടിക്കുന്ന കതിർ പറയുന്നു.

MORE IN INDIA
SHOW MORE