‘ഞാന്‍ മന്ത്രിയാണ്, എനിക്ക് സൗജന്യമായി ഇന്ധനം ലഭിക്കും’; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ രോഷം

ramdas-athawale
SHARE

വിലവർധന കൊണ്ട് പൊറുതി മുട്ടുകയാണ് രാജ്യം. പെട്രോൾ ഡീസൽ വില സെഞ്ചുറിക്കടുത്താണ്. ഇന്ധനവില റോക്കറ്റിനെക്കാൾ വേഗത്തിൽ കുതിക്കുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാനാൻ കേന്ദ്രത്തിനു കഴിയുന്നില്ല. ഇതൊന്നും തങ്ങളുടെ നിയന്ത്രണത്തിലുളള കാര്യങ്ങളല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. രൂപയുടെ മൂല്യമിടിഞ്ഞതും സാധാരണക്കാരുടെ ദുരിതം വർധിപ്പിച്ചു.

ജനത്തിന്റെ നടുവൊടിയുമ്പോൾ നടപടിയെടുക്കാതെ ജനങ്ങളെ പരിഹസിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ രംഗത്തെത്തി. താനൊരു മന്ത്രിയാണെന്നും തനിക്ക് ഇന്ധനം സൗജന്യമാണെന്നും തന്നെ ഇന്ധനവില ബാധിക്കില്ലെന്നുമുളള കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ജനരോഷം ഉയരുകയാണ്. പെട്രോൾ വില 89 രൂപയോളമായിരിക്കുന്ന സമയത്താണ് ജനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. 

കേന്ദ്രമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇതെന്നും ജനങ്ങളുടെ നികുതിയെടുത്താണ് മന്ത്രിമാര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതെന്നും ട്വിറ്ററില്‍ അതാവാലെയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നു. നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന ഇന്ധനം രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളുടെ നികുതിയടച്ച പണമാണെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിൽ പ്രതികരിച്ചു. 

സൗജന്യമായി ഇന്ധനം ലഭിക്കുന്ന മന്ത്രി എന്ന സ്ഥാനത്ത് നിന്നും ജനങ്ങള്‍ക്ക് നിങ്ങളെ പണം കൊടുത്ത് ഇന്ധനം വാങ്ങിക്കുന്ന ആളാക്കാനും സാധിക്കുമെന്ന മുന്നറിയിപ്പും ചിലർ നടത്തുന്നുണ്ട്. തുടര്‍ച്ചയായി നാല്‍പ്പത്തിഏഴാം ദിവസമാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവിലക്കയറ്റവും ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

MORE IN INDIA
SHOW MORE