ആസാദി വിളി വീണ്ടും; എബിവിപിക്ക് ജെഎൻയു ചരിത്രത്തിലെ വലിയ തോൽവി

jnu-sucess
SHARE

രാജ്യം ആവേശത്തോടെ ഉറ്റുനോക്കിയ ജെ.എൻ.യു വിദ്യാര്‍ഥി യൂണിയൻ തിരഞ്ഞെടുപ്പിന്‍റെ വിധി പുറത്തുവന്നപ്പോൾ ഇടതുസഖ്യങ്ങളുടെ വിജയക്കൊടി പാറുന്ന കാഴ്ചയാണ് ക്യാംപസിൽ. തിരഞ്ഞെടുപ്പിന് മുൻപ് വൻപ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങിയ എ.ബി.വി.പിക്കെതിരെ എല്ലാം കേന്ദ്ര പാനലുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ഇടത് സഖ്യത്തിന്റെ മിന്നും വിജയം.

ബാപ്സ, എ.ബി.വി.പി, എൻ.എസ്.യു.ഐ, എന്നീ പാർട്ടികളും, എെസ - എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ - ഡി.എസ്.എഫ് പാർട്ടികളുൾപ്പെട്ട ഇടത് സഖ്യവുമായിരുന്നു പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്. എൻ.സായ് ബാലാജി പ്രസിഡന്റും മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ട് വർഷത്തിന് ശേഷം എൻഎസ്യു സർവകലാശാലയിൽ അക്കൗണ്ട് തുറന്നു.

ജെഎൻയുവിന്റെ ഇടനാഴികളിൽ ആസാദി വിളികൾ വീണ്ടും മുഴങ്ങി. ആകെ പോൾ ചെയ്ത 5170 വോട്ടുകളിൽ 2161 വോട്ടുകൾ നേടി എൻ.സായ് ബാലാജി പ്രസിഡന്റായി. 2692 വോട്ടു നേടിയ സരികയാണ് വൈസ് പ്രസിഡന്റ്. ജനറൽസെക്രട്ടറി ജോയിന്റ് സെക്രട്ടറി സീറ്റുകളിലും ആയിരത്തിലധികം വോട്ടുകളുടെ ലീഡിൽ അജാസ് അഹമ്മദും മലയാളിയായ അമുത ജയദീപും വിജയിച്ചു. ഉന്നത വിദ്യാഭാസ മേഖലക്കെതിരായ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ്  വിജയമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സായ് ബാലാജി പ്രതികരിച്ചു.

കേന്ദ്രഭരണത്തിന്റെ ബലത്തിൽ കരുത്ത് കാണിക്കാനിറങ്ങിയ എബിവിപിയ്ക്ക് കണക്കുകൾ തെറ്റിയ ദിനമായിരുന്നു ഇന്ന്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പോലും യാതൊരു തരത്തിലുള്ള വെല്ലുവിളിയും ഉയർത്താതെയായിരുന്നു എ.ബി.വി.പിയുടെ തോൽവി. കേവലം രണ്ട് കണ്‍സിലര്‍ പോസ്റ്റിലേക്ക് മാത്രമാണ് വിജയിക്കാനായത്. എ.ബി.വി.പിയുടെ പ്രബല കേന്ദ്രമായ സയന്‍സ് സ്കൂളിലുള്‍പ്പടെ ഇടത് സഖ്യമാണ് വിജയിച്ചത് എന്നത് ശ്രദ്ധേയമാണ്. 

സെന്‍ട്രല്‍ പാനലുകളിലും പൂര്‍ണ്ണ ആധിപത്യം നേടാന്‍ ഇടത് സഖ്യത്തിനായി. കഴിഞ്ഞ വര്‍ഷം 464 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച പ്രസിഡന്റ് സ്ഥാനം, ഇത്തവണ 1179 വോട്ടുകള്‍ക്കാണ് സഖ്യം നേടിയെടുത്തത്. ജോയന്റ് സെക്രട്ടറി ഒഴികെയുള്ള മറ്റു പോസ്റ്റുകളിലെല്ലാം ഇത്തവണ ഭൂരിപക്ഷം കൂടിയിട്ടുണ്ട്. പട്ടികജാതി-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചു പോരാട്ടത്തിനിറങ്ങിയ  ബിര്‍സ അംബേദ്ക്കര്‍ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍ (ബാപ്സ) ശക്തമായ മത്സരമാണ് നടത്തിയത്. ഇവർ ഒരു കണ്‍സിലര്‍ പോസ്റ്റ് നേടിയെടുക്കുകയും ചെയ്തു. 

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എബിവിപിക്കുള്ള ജെഎൻയുവിന്റെ മറുപടിയാണിതെന്ന് നിയുക്ത ജോയിന്റ് സെക്രട്ടറി അമുതയും പറഞ്ഞു. ആകെയുള്ള 31 ഡിപ്പാർട്ടുമെന്റ് കൗൺസിലർമാരിൽ ഭൂരിഭാഗവും ഇടതിനൊപ്പം നിന്നു. പ്രചരണത്തിൽ ശക്തമായ വെല്ലുവിളി ഉയർത്തിയ എബിവിപിക്ക് ചുരുക്കം ചില കൗൺസിലർ സീറ്റുകൾ കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഒരു പതിറ്റാണ്ടിന് ശേഷം അക്കൗണ്ട് തുറന്ന എൻ എസ് യുവിന്റെ കെ വിഷ്ണുപ്രസാദ് എസ്ഐഎസ് ഡിപ്പാർട്ടുമെന്റ് കൗൺസിലറായി ജയിച്ചു.  

MORE IN INDIA
SHOW MORE