അന്ന് ആക്രോശം, ഇന്ന് തീവില; ബിജെപി പറ‍ഞ്ഞതും ചെയ്യുന്നതും: കണക്കുകള്‍ ഇങ്ങനെ

‘യുപിഎ സർക്കാർ പരാജയമാണെന്നതിന്‍റെ തെളിവാണ് വർധിച്ചുവരുന്ന ഇന്ധനവില..’ ഇത് 2012 മെയ് മാസത്തില്‍ നരേന്ദ്രമോദിയുടെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ട്വിറ്റർ അക്കൗണ്ടിലും പ്രത്യക്ഷപ്പെട്ട പോസ്റ്റ്. യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഇന്ധനവില വർധനവിനെതിരെ ആക്രോശിച്ചവരാണ് ഇന്ന് ഭരണത്തിൽ. അന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 107.09 ഡോളര്‍. ഇന്ന് ബാരലിന് 73 ഡോളർ. എന്നാല്‍ ഇന്ധനവില സര്‍വകാല റെക്കോർഡിലും. 

2014 ൽ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പെട്രോൾ വില ലിറ്ററിന് 71.41 രൂപ. ഇപ്പോൾ വില 82 കഴിഞ്ഞു. വ്യത്യാസം പത്തിലധികം രൂപ. യുപിഎ ഭരണകാലത്ത് ഡീസല്‍ വില ലിറ്ററിന് 55.49 രൂപ. ഇപ്പോൾ വില 71.55 രൂപ. വ്യത്യാസം 16.06 രൂപ. 2014 ൽ പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി ലിറ്റരിന് 9.20 രൂപ. ഇന്ന് 19.48 രൂപ. വർധനവ് 111.70%. 2014 ൽ ഡീസലിന്‍റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 3.46 രൂപ. ഇന്ന് ലിറ്ററിന് 15.33 രൂപ. വ്യത്യാസം 343.06%. 

ആഗോളകാരണമാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ കൈകഴുകുന്നു, അതിസമർത്ഥമായി. ഡോളർ കരുത്താർജിച്ചതും ഒപെക് രാജ്യങ്ങൾ ഉൽപാദനം കൂട്ടാതിരുന്നതുമാണ് കാരണമെന്നു വിശദീകരിക്കുന്ന കേന്ദ്രസർക്കാർ വില പിടിച്ചുനിർത്താനുള്ള നടപടികൾക്കില്ലെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. 

രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്. ഓഗസ്റ്റ് പകുതിക്കുശേഷം പെട്രോൾ ലീറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വർധിച്ചത്. എണ്ണക്കമ്പനികൾ ലഭ്യമാക്കുന്ന വിലയിൽ (പെട്രോൾ 40.50 രൂപ, ഡീസൽ 43 രൂപ) കേന്ദ്ര സംസ്ഥാന നികുതികൂടി ചേരുന്നതോടെ വില ഇരട്ടിയിലേറെയായി മാറുന്നു. ഇന്നു മാത്രം പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വർധിച്ചത്.

യുപിഎ, എൻഡിഎ സര്‍ക്കാറുകളുടെ കാലത്തുള്ള ഇന്ധനവിലയിലെ വ്യത്യാസങ്ങൾ അക്കമിട്ടു നിരത്തുന്ന പോസ്റ്റുകൾ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എല്ലാം മുടന്തൻ ന്യായമാണെന്നും കേന്ദ്രസർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു.