മോഷണം ‘കണ്ടു’‍; ക്യാമറയോട് കൈകൂപ്പി തൊണ്ടി തിരികെക്കൊടുത്ത് കള്ളന്‍: വിഡിയോ

‘പറ്റിപ്പോയി സാറെ... പറ്റിപ്പോയി..’ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഒടുവിൽ പിടിവീഴുമ്പോൾ ഫഹദിന്റെ അസാധ്യമായ ഒരു പ്രകടനം അഭിനയമാണെങ്കിൽ അതിനെ വെല്ലുന്ന ചിരിയുമായി ഒരു യഥാർഥ കള്ളൻ. സോഷ്യൽ ലോകത്ത് വൈറാലയിരിക്കുകയാണ് ഇൗ കള്ളനും അയാളുടെ ചിരിയും. 

തന്റെ മോഷണം സിസി ടിവിയിൽ പതിഞ്ഞെന്നു മനസ്സിലായപ്പോൾ യുവാവ് പിന്നൊന്നും നോക്കിയില്ല. നൈസായി തൊണ്ടിമുതൽ ഉടമസ്ഥന് തിരികെ കൊടുത്തു. എന്നിട്ട് സിസിടിവി ക്യാമറയിൽ നോക്കി കൈകൂപ്പി ഒരു അഡാറ് ചിരിയും പാസാക്കി.

മുംബൈ പൊലീസാണ് 22 സെക്കൻറുള്ള ഈ വിഡിയോ പുറത്തുവിട്ടത്. ആള്‍ത്തിരക്കുള്ള കടയില്‍ വച്ചായിരുന്നു മോഷണം. കടയിലെത്തിയ ആളുടെ കീശയിൽ നിന്നും പഴ്സ് മോഷ്ടിച്ചത് സിസി ടിവിയിൽ പതിഞ്ഞെന്നു മനസ്സിലാക്കിയതോടെ കള്ളൻ ചിരിച്ചുകൊണ്ട് തടിയൂരി. ഇൗ വിഡിയോ പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഇൗ കള്ളനും അയാളുടെ ചിരിയും വൈറലാവുകയാണ്.