350 മണ്ഡലങ്ങൾ, 108 ദിവസങ്ങൾ; ബിജെപിയെ ജയിപ്പിക്കാൻ 'മിഷൻ മോദി' ക്യാംപെയിന്‍

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ സന്യാസിമാരുടെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ. 'മിഷൻ മോദി എഗൈൻ' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ  350 ലോക്സഭാ മണ്ഡലങ്ങളിൽ നടത്താനാണ് പദ്ധതി. 'മിഷൻ മോദി എഗൈൻ' എന്ന പേരിൽ തന്നെയുള്ള സംഘടനയാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒക്ടോബർ 24 നാണ് ക്യാംപെയിൻ ആരംഭിക്കുക.  

പ്രചാരണം തുടങ്ങുന്നതിനു മുൻപായി അയോധ്യയില്‍ മൂന്നു ദിവസത്തെ പ്രത്യേക പൂജയും നടത്തും. ഉത്തര്‍പ്രദേശ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം.  മോദിയുടെ മണ്ഡലമായ വാരണാസിയിലായിരിക്കും ഏറ്റവും കൂടുതൽ പ്രചാരണങ്ങൾ നടക്കുക. 

ഓരോ വേദികളിലും സന്യാസിമാർ മോദിക്ക് എന്തുകൊണ്ട് വോട്ടു ചെയ്യണം എന്നതിനെക്കുറിച്ച് സംസാരിക്കും. അഞ്ചു വർഷങ്ങള്‍ക്കിടെയുള്ള സർക്കാരിൻറെ ഭരണനേട്ടങ്ങളെക്കുറിച്ചും ഇവർ സംസാരിക്കും.