പ്രകീര്‍ത്തിച്ച് യുഎന്നും; പ്രതികരണങ്ങള്‍: ‘രാജ്യത്തിന് ഓക്സിജന്‍ തിരിച്ചുകിട്ടി’

homo-sex
SHARE

ചരിത്രവിധിയില്‍  സന്തോഷവും ആഹ്ലാദവും പങ്കിട്ട് നിരവധി പേര്‍. സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ഐക്യരാഷ്ട്രസഭ പ്രതികരണവുമായി എത്തി. എൽജിബിടി സമൂഹത്തിന്റെ മൗലികാവകാശങ്ങൾ നടപ്പിലാക്കാനുള്ള ആദ്യ ചുവടുവയ്പ്പാണ് ഇതെന്നാണ് യുഎൻ പ്രതികരിച്ചത്.

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിധിയെ പ്രകീർത്തിച്ച് കുറിച്ചിട്ടുണ്ട്, സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും കൂടുതൽ സമത്വവും സുതാര്യവുമായ സമുഹത്തിന്റെ തുടക്കമാകട്ടെ ഈ വിധിയെന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്. 

ചരിത്രപരമായ വിധി എന്നാണ് സംവിധായകൻ കരൺ ജോഹർ വിശേഷിപ്പിച്ചത്. ഇന്ന്് ഒരുപാട് അഭിമാനിക്കുന്നു, മനുഷ്യത്വത്തിനും സമത്വത്തിനും ആഹ്വാനം ചെയ്യുന്ന വിധി. രാജ്യത്തിന് അതിന്റെ ഓക്സിജൻ തിരിച്ചു കിട്ടിയിരിക്കുന്നു എന്നാണ് കരണ്‍ ജോഹർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

377–ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ സുപ്രീം കോടതിക്ക് നന്ദി. എല്ലാവർക്കും തുല്യാവകാശം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് ഇത് ചരിത്ര ദിവസമാണ്. നിയമവ്യവസ്ഥ അതിന്‍റെ കടമ നിർവഹിച്ചു. ഇനി നമ്മൾ നമ്മുടെയും കടമ ചെയ്യണം. ഇങ്ങനെയാണ് ബോളിവുഡ് താരം ആമിർ ഖാൻ കുറിച്ചത്. 

ഹൃതിക് റോഷൻ, അനുഷ്ക ശർമ്മ, രൺവീർ സിങ്, സോനം കപൂർ, വരുൺ ധവാൻ, അർജുൻ കപൂർ, അഭിഷേക് ബച്ചൻ, സ്വരാ ഭാസ്കർ, ജോൺ എഹ്രഹാം, പ്രീതി സിന്റ, റിതേഷ് ദേശ്മുഖ് തുടങ്ങി ബോളിവുഡ് ലോകം ഒന്നടങ്കം വിധിയെ പ്രകീർത്തിച്ചും പിന്തുണച്ചും ആഹ്ലാദം പങ്കുവച്ചും രംഗത്തെത്തി. 

സച്ചിൻ ടെൻഡുൽക്കർ, കനിമൊഴി, ശശി തരൂർ, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി വിവിധ രംഗത്ത് നിന്നുള്ള പ്രമുഖർ സുപ്രീം കോടതി വിധിയെ പ്രകീർത്തിച്ചു. 

എന്തായാലും ചരിത്രവിധിയുടെ ആഘോഷങ്ങളാണ് ഇനി ഇന്ത്യയിലെ തെരുവുകളിൽ കാണാൻ പോകുന്നത്. സമത്വത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ മാരിവില്ലുകൾ വിരിയുന്ന സമൂഹമായി, ജനതയായി ഇന്ത്യ മാറുന്ന കാഴ്ചയ്ക്കാണ് ഇനി സാക്ഷ്യം വഹിക്കുക.

സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ ചരിത്രവിധിക്ക് സാക്ഷ്യംവഹിക്കാന്‍ ലൈംഗിക ന്യൂനപക്ഷങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ‌സുപ്രീംകോടതിയില്‍ ഒത്തുകൂടി. ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷങ്ങള്‍ക്കും കോടതി വളപ്പ് വേദിയായി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം വിജയംകണ്ടെങ്കിലും അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ഇനിയും ബാക്കിയുണ്ടെന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ പറയുന്നത്. 

സുപ്രീംകോടതിയില്‍ പതിവില്ലാത്തതാണ് ഈ ആഘോഷങ്ങള്‍. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആഘോഷങ്ങള്‍ക്ക് അനുവാദവുമില്ല. എന്നാല്‍, പുതിയ സ്വാതന്ത്ര്യത്തെ വരവേല്‍ക്കാന്‍ എത്തിയ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കോടതി വളപ്പിലും ആഹ്ളാദം മറച്ചുവച്ചില്ല. 2009ലെ ഡല്‍ഹി ഹൈക്കോടതിയുടെ അനുകൂല വിധി 2013ല്‍ സുപ്രീംകോടതി റദ്ദാക്കിയപ്പോള്‍ അതിനെതിരെ തെരുവില്‍ പ്രതിഷേധിച്ചവരാണ് ഇവര്‍. ഒരിക്കല്‍ തള്ളിയ കോടതി തന്നെ വിഷയം വിശാലമായി പരിഗണിച്ച സാഹചര്യത്തില്‍ അനുകൂല വിധി പ്രതീക്ഷിച്ചാണ് മിക്കവരും എത്തിയത്. 

അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ മക്കള്‍ക്കൊപ്പം ചിലരുടെ മാതാപിതാക്കളുമെത്തി. കോടതി ചരിത്ര വിധി പുറപ്പെടുവിച്ചങ്കിലും സമൂഹത്തിന്റെ മനോഭാവത്തില്‍ അടക്കം മാറ്റം വരേണ്ടതുണ്ടെന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ പറയുന്നത്. അതിനുള്ള പോരാട്ടം അവര്‍ തുടരും.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.