ലൈംഗികതയല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ജയം; ജനാധിപത്യം ബാക്കിയുണ്ട്: വിഡിയോ

tharoor-zakaria-1
SHARE

സ്വവർഗ്ഗരതി നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ശശി തരൂർ എംപി. ജനാധിപത്യത്തിന്റെ വിജയമായാണ് വിധിയെ കാണേണ്ടത്. ഇത് ലൈംഗികതയുടെ വിഷയമല്ലെന്നും വ്യക്തിസ്വാതന്ത്രമാണെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. പലതവണ പാർലമെന്റിൽ 377 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. വിധിയിൽ സന്തോഷമുണ്ടെന്നും തരൂർ പറഞ്ഞു. 

ജനാധിപത്യം ഇനിയും ബാക്കിയുണ്ടെന്ന് കാണിക്കുന്ന വിധിയാണെന്ന് എഴുത്തുകാരൻ സക്കറിയ പ്രതികരിച്ചു. ഒരു വ്യക്തിക്ക് അവനവൻ എന്താണോ അങ്ങനെ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടി വിധിയിലൂടെ ലഭിച്ചിരിക്കുന്നു. മോശപ്പെട്ട നിയമങ്ങൾ ഇനിയും നമ്മുടെ രാജ്യത്ത് ബാക്കിയുണ്ടെന്നും സക്കറിയ പറഞ്ഞു. സക്കറിയയുടെ വിശദമായ പ്രതികരണം വിഡിയോയില്‍ കാണുക. 

ചരിത്രവിധി ഇങ്ങനെ: പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി നിയമവിധേയമെന്നും ചരിത്രവിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഐപിസി 377–ാം വകുപ്പിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്.

മറ്റ് പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ചകള്‍ കുറ്റകരമായി തുടരുമെന്നും ഭരണഘടനാബഞ്ചിന്റേ ചരിത്രവിധിയിൽ പറയുന്നു. വ്യത്യസ്തവ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും കോടതി നിരീക്ഷിച്ചു. പരമ്പരാഗതകാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു. വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്നും  ഭിന്നലൈംഗികസമൂഹം എല്ലാ ഭരണഘടനാഅവകാശങ്ങള്‍‌ക്കും അര്‍ഹരാണെന്നും ഭരണഘടനാബഞ്ച് ചൂണ്ടിക്കാട്ടി.

ജീവിക്കാനും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള  അവകാശങ്ങളില്‍ ലൈംഗികാഭിരുചിയേയും ഉള്‍പ്പെടുത്തുന്നതാണ് ചരിത്രവിധി. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനസ്ഥാപിക്കുന്നതിന് തുല്യമാണ് സുപ്രീംകോടതിവിധി. ഹൈക്കോടതി വിധി റദ്ദാക്കിയ 2013 ലെ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടിയും ഭരണഘടനാബഞ്ച് വിധിയോടെ അപ്രസക്തമായി

MORE IN INDIA
SHOW MORE