സ്വവര്‍ഗരതി കേസ് സുപ്രീംകോടതിയിൽ എത്തുന്നത് നാസ് ഫൗണ്ടേഷന്‍ വിധിയെ തുടര്‍ന്ന്

377-case-t
SHARE

2009ലെ നാസ് ഫൗണ്ടേഷന്‍ വിധിയെ പിന്തുടര്‍ന്നാണ് സ്വവര്‍ഗരതി സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് മുന്നിലെത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കോടതിമുറിക്കുളളില്‍ വലിയതോതില്‍ വിശകലനം ചെയ്തു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അടക്കം പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗബന്ധത്തിനാണ് നാസ് ഫൗണ്ടേഷന്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി 2009ല്‍ അംഗീകാരം നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുളള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധി ചരിത്രത്തിലിടം പിടിച്ചു. എന്നാല്‍, സുരേഷ് കുമാര്‍ കൗശല്‍ കേസില്‍ സ്വവര്‍ഗരതി കുറ്റകരമാണെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് വിധിച്ചത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി. ഇതോടെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പ് റദ്ദുചെയ്യണമെന്ന ആവശ്യത്തിന് ശക്തികൂടി. 

രാജ്യത്തെ കലാകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും വ്യവസായികളും ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. വകുപ്പ് ഭരണഘടനാവിരുദ്ധമാണെോയെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിക്ടോറിയന്‍ കാലത്തെ സദാചാരബോധത്തിന്‍റെ പ്രതിഫലനമാണ് മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പായി നിയമത്തിലെത്തിയതെന്ന് നര്‍ത്തകി നവ്തേജ് സിങ് ജോഹറിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു. വകുപ്പ് റദ്ദാക്കുന്നത് പൊതുസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കും. ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യനായി കാണാനും, അവരുടെ ജീവിതം മെച്ചപ്പെടാനും വഴിയൊരുങ്ങുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. 

കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിലപാട് വ്യക്തമാക്കിയില്ല. കോടതിയുടെ തീരുമാനത്തിന് വിട്ടു. കോടതിക്ക് വകുപ്പ് റദ്ദാക്കാന്‍ അധികാരമില്ലെന്നും, പാര്‍ലമെന്‍റിന് മാത്രമെ കഴിയുകയുളളുവെന്നും എതിര്‍കക്ഷികള്‍ നിലപാടെടുത്തു. നാലുദിവസത്തെ വാദത്തിന് ശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു.

MORE IN INDIA
SHOW MORE