'ഫെമിനിസ്റ്റ്’ ഭാര്യമാരില്‍ നിന്ന് രക്ഷതേടി ഗംഗയില്‍ കുളിച്ച് 150 പേര്‍: വിചിത്രം

un-satisfied-husbands
SHARE

‘പിശാചുക്കളായ ഫെമിനിസ്റ്റ് ഭാര്യ’മാരിൽ നിന്ന് മോചനം നേടാനെന്ന പ്രഖ്യാപനത്തോടെ ഗംഗയിൽ മുങ്ങിക്കുളിച്ച് 150 പുരുഷന്മാർ. പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ എന്ന സംഘടനയുടെ മേല്‍നോട്ടത്തിലാണ് വിചിത്രമായ ആചാരം. പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ആഴ്ച 150 അസംതൃപ്ത ഭർത്താക്കന്മാർ വരാണാസിയിലെത്തിയതെന്ന് സംഘടന വിശദീകരിക്കുന്നു.

വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അന്ത്യകർമങ്ങളും വിവാഹബന്ധത്തിലെ കയ്പ്പുള്ള ഓർമകൾ മറക്കാന്‍ പിശാചിനി മുക്തി പൂജയും നടത്തിയാണ് ഇവർ മടങ്ങിയത്.

husbands23

ഭാര്യമാർ പുരുഷന്റെ കുടുംബത്തിന്റെ ഭാഗമല്ലെന്ന് സംഘടനയുടെ സ്ഥാപകന്‍ രാജേഷ് വഖാരിയ പറയുന്നു. ‘മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിപോലും ഇവിടെ പ്രത്യേക മന്ത്രാലയമുണ്ട്. പക്ഷെ പുരുഷന്മാരുടെ സംരക്ഷണത്തിനായി ഒരു വകുപ്പുപോലുമില്ല. മൃഗങ്ങളെക്കാൾ മോശമായിട്ടാണോ പുരുഷന്മാരെ പരിഗണിക്കേണ്ടത്?’’ അദ്ദേഹം ചോദിക്കുന്നു.

‘വർഷങ്ങളായി ഇവർ ഭാര്യമാരുടെ പീഡനം സഹിച്ചുവരികയായിരുന്നു. അവരുടെ മനസമാധാനം തന്നെ തട്ടിതെറിപ്പിക്കപ്പെട്ടു. വൈവാഹിക ബന്ധത്തിന്റെ വിഴുപ്പ് ചുമക്കേണ്ടിവന്നു’. മറ്റൊരു പുരുഷാവകാശ പ്രവർത്തകന്‍ അമിത് ദേശ്പാണ്ടെ പറയുന്നതിങ്ങനെ. രാജ്യത്ത് പുരുഷനായി ജനിക്കുന്നത് എന്തോ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നും നിയമങ്ങളെല്ലാം പുരുഷന്മാർക്ക് എതിരാണെന്നും 92,000 ഭർത്താക്കന്മാരാണ് രാജ്യത്ത് ഒരു വർഷം ഭാര്യമാരുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതെന്നും മറുവശത്ത് 24,000 ഭാര്യമാർ മാത്രമാണ് പ്രതിവർഷം ആത്മഹത്യ ചെയ്യുന്നതെന്നും വഖാരിയ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 കേന്ദ്രങ്ങളാണ് സംഘടനയ്ക്കുള്ളത്. നാലായിരത്തോളം പ്രവർത്തകരും.

MORE IN INDIA
SHOW MORE