മുസ്‌‌ലിമിനെ വിവാഹം കഴിച്ചു; അവൾ ഹിന്ദുവല്ല; മരണാനന്തര കർമം നിഷേധിച്ചു

temple-new-new
SHARE

ഭർത്താവ് മുസ്‍ലീം മതവിശ്വാസിയാണെന്ന കാരണത്താൽ മരിച്ചു പോയ ഭാര്യയുടെ അന്ത്യകർമങ്ങൾ ചെയ്യാനുള്ള അനുവാദം നിഷേധിച്ച് ക്ഷേത്രം. ഡൽഹിയിലെ ബംഗാളി വിശ്വാസപ്രകാരമുള്ള ക്ഷേത്രത്തിലാണ് സംഭവം. മതം മാറി വിവാഹം ചെയ്തതോടെ സ്ത്രീ ഹിന്ദുവല്ലാതായി തീർന്നുവെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. കൊൽക്കത്ത സ്വദേശിയായ ഇംതിയാസുർ റഹ്മാനാണ് ഭാര്യ നിവേദിത ഘട്ടകിന്റെ മരണാനന്തര കർമങ്ങൾ നടത്തുവാനായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്. 

അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്നാണ് നിവേദിത മരിക്കുന്നത്. 20 വർഷം മുമ്പാണ് ഇവർ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുന്നത്. എന്നാൽ ഹിന്ദു മതവിശ്വാസിയായി തന്നെയായിരുന്നു നിവേദിത ജീവിച്ചിരുന്നത്. മരണശേഷം ഹിന്ദു വിശ്വാസപ്രകാരം ഡൽഹിയിലെ നിഗം ബോധ് ഘട്ടിൽ ഇവരുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. വിവാഹത്തോടെ അകന്ന കുടുംബക്കാർ ആരും തന്നെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുത്തില്ല. അതിനുശേഷമുള്ള ചില പൂജകൾക്കായാണ് ഡല്‍ഹിയിലെ കാളി മന്ദിർ ക്ഷേത്രത്തെ സമീപിച്ചത്. നേരത്തെ തന്നെ പൂജകൾക്കായി ബുക്ക് ചെയ്തിരുന്നു. എന്നാൽ പിന്നീട് ചില നിശ്ചിത കാരണങ്ങളാല്‍ പൂജ ചെയ്യാൻ അനുവദിക്കില്ല എന്ന് അറിയിക്കുകയായിരുന്നു. 

അതേസമയം റഹാമാൻ തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയില്ലെന്നും മകളുടെ പേരിലാണ് പൂജകൾ ബുക്ക് ചെയ്തതെന്നുമാണ് ക്ഷേത്ര അധികൃതർ ആരോപിക്കുന്നത്. തന്റെ ഭാര്യയുടെ മരണത്തിന് മുമ്പ് സംസ്കാര ചടങ്ങുകളും മറ്റ് മരണാനന്തര ചടങ്ങുകളും ഹിന്ദു മതാചാരപ്രകാരം നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അതുപ്രകാരമാണ് ക്ഷേത്രത്തെ സമീപിച്ചതെന്നുമാണ് റഹ്മാൻ പറയുന്നത്.

MORE IN INDIA
SHOW MORE