സർ നഗ്നരാക്കി തല്ലും; ‍ഞെട്ടിച്ച് ബാലികാകേന്ദ്രത്തിലെ കുട്ടികളുടെ വെളിപ്പെടുത്തല്‍

bihar-shelter
SHARE

‌രാജ്യത്തെ ഞെട്ടിച്ച് ബിഹാറിലെ മുസാഫർപൂർ ബാലികാകേന്ദ്രത്തിൽ നടന്ന കൂട്ടമാനഭംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തിനാണ് ഇവിടുത്തെ കുട്ടികൾ ഇരകളായത്. അന്വേഷണ ഉദ്യോഗസ്ഥരോട് കുട്ടികൾ പീഡനത്തിന്‍റെ ക്രൂരവശങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചാൽ മൂന്നാം നിലയിലെ ടെറസിൽ കൊണ്ടുപോയി നഗ്നരാക്കി മർദിക്കുമായിരുന്നു എന്നാണ് ഇവർ പറ‌യുന്നത്. 

കൂടുതൽ വെളിപ്പെടുത്തലുമായി അഗതിമന്ദിരത്തിലെ അന്തേവാസിയായ ഒരു കുട്ടിയാണ് രംഗത്തെത്തിയത്. വനിതാ  ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തു വന്നത്. സംസാരശേഷിയില്ലാത്ത ഈ കുട്ടി ആംഗ്യഭാഷയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. ' "ഹെഡ് സർ" പറയുന്നത് സമ്മതിച്ചില്ലെങ്കിൽ എന്നെ മുകളിലത്തെ നിലയിലേക്ക് കൊണ്ടു പോകും. പീന്നീട് വസ്ത്രങ്ങൾ  അഴിച്ച് കൈകൊണ്ട് തല്ലും'. കുട്ടി പറഞ്ഞു.

അഗതി മന്ദിരത്തിൽ 42 പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. എല്ലാവരും 16 വയസിന് മുകളിൽ പ്രായമുള്ളവരാണ്. സർക്കാർ അധീനതയിലുള്ള സ്ഥാപനമാണ് ഇത്. സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ആണ് ഇവരെ ചൂഷണത്തിന് വിധേയമാക്കിയത്. മയക്കുമരുന്ന് കുത്തിവച്ചും ലഹരി മരുന്ന് നല്‍കിയുമായിരുന്നു പീഡനം. വൈദ്യ പരിശോധന നടത്തിയപ്പോൾ 42 കുട്ടികളിൽ 34 പേരെയും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. മാനസിക നില തെറ്റിയ കുട്ടികളും കൂട്ടത്തിൽ ഉണ്ട്– മുസാഫർപൂർ എസ്പി ഹർപ്രീത് കൗർ വ്യക്തമാക്കുന്നു.

ബ്രജേഷ് ഠാക്കൂർ എന്നയാളാണ് അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരൻ. ഇയാളെയാണ് കുട്ടികൾ ഹെഡ് സർ എന്ന് വിളിക്കുന്നത്. പീഡനത്തിന് നേതൃത്വം നൽകിയതും ഇയാളാണ്. അഗതിമന്ദിരത്തിലെ സ്ത്രീകളടക്കമുള്ള മറ്റ് ജീവനക്കാരും ഇതിന് കൂട്ടു നിൽക്കുന്നുവെന്നാണ് കണ്ടെത്തൽ. സംഭവത്തില്‍ 11 പേരെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ മുൻ ജില്ല ശിശുക്ഷേമ സമിതി ചെയർമാനും ഉണ്ട്. ഇയാൾ ഒളിവിലാണ്. ബാക്കി പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണം സിബിഐക്ക് കൈമാറി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.