മെഡിക്കൽ കോളജിൽ വെള്ളക്കെട്ട്; ഐസിയുവിൽ നീന്തിത്തുടിച്ച് മീനുകൾ; ദയനീയകാഴ്ച;വിഡിയോ

bihar-hospital
SHARE

കനത്ത മഴയെത്തുടർന്ന് ബിഹാർ തലസ്ഥാനമായ പട്നയിലെ മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടത്തിനുള്ളിൽ വെള്ളക്കെട്ട്. തീവ്രപരിചരണവിഭാഗത്തിനുള്ളില്‍ കെട്ടിനിൽക്കുന്ന അഴുക്കുവെള്ളത്തിൽ മീനുകൾ നീന്തിത്തുടിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

പട്നയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ നളന്ദ മെഡിക്കൽ കോളജിലാണ് ഈ ശോചനീയാവസ്ഥ. പ്രതിദിനം രണ്ടായിരത്തിലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. 

രോഗികളെ കിടത്തിയിരിക്കുന്ന മുറികളെല്ലാം മുട്ടറ്റം വെള്ളത്തിലാണ്. ജനറൽ വാർഡിലും എമർജൻസി വാർഡിലും സ്ഥിതി വ്യത്യസ്തമല്ല. ഇലക്ട്രോണിക് ചികിത്സോപകരണങ്ങൾ താറുമാറായി. 

ചിത്രങ്ങളും വിഡിയോയും ഷെയർ ചെയ്ത് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് സർക്കാരിനെ രൂക്ഷമായി പരിഹസിച്ചു. 'നിതീഷ് കുമാർ മോഡൽ വികസനം' എന്നാണ് തേജസ്വി യാദവ് അവസ്ഥയെ വിശേഷിപ്പിച്ചത്. 

കഴിഞ്ഞ ഒരാഴ്ചയായി പട്നയിൽ കനത്ത മഴയാണ്. എല്ലാ മഴക്കാലത്തും നളന്ദ ആശുപത്രി വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ കണ്ണടക്കുകയാണ് അധികൃതർ എന്നാണ് ആക്ഷേപം. 

MORE IN INDIA
SHOW MORE