ചായ കുടിച്ചു; പശുവിനെ കൂട്ടിലാക്കി; ആള്‍ക്കൂട്ടം കൊല്ലാറാക്കി; പൊലീസ് ‘കൊന്നു’

alwar-lynching
ആള്‍വാര്‍ ആള്‍ക്കൂട്ടക്കൊലക്കേസിലെ പ്രതികളില്‍ മൂന്നുപേര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍
SHARE

രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ആള്‍ക്കൂട്ടക്കൊല്ലയില്‍ പൊലീസിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കി പുതിയ വിവരങ്ങള്‍. പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് മരിക്കുന്നതിന് മുൻപ് നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. ആൾക്കൂട്ട മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ബർ ഖാനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് നാലു മണിക്കൂറോളം കസ്റ്റഡിയിൽ വച്ചുവെന്നാണ് ഞെട്ടിക്കുന്ന വിവരം. പിടിച്ചെടുത്ത പശുക്കളെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും പൊലീസുകാർ ചായ കുടിക്കുകയും ചെയ്ത ശേഷമാണ് അക്ബറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അക്ബര്‍ മരിച്ചിരുന്നു.

ഇതിനിടെ അക്ബര്‍ സ്ഥിരം പശുക്കള്ളനാണെന്നും രാജസ്ഥാനിലെ പൊലീസാണ് കസ്റ്റഡിയില്‍ അദ്ദേഹത്തെ കൊന്നതെന്നും ആകോപിച്ച് ബിജെപി എംഎല്‍എ ജ്ഞാന്‍ ദേവ് അഹൂജ രംഗത്തെത്തി. 

സംഭവ പരമ്പരകള്‍‌ ഇങ്ങനെ

സംഭവത്തില്‍മൂന്നു പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയാണ് കൊലപാതകം നടക്കുന്നത്. രാത്രി 12,41 ആയപ്പോൾ പൊലീസിന് ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചു. 1.20ന് അവർ സ്ഥലത്തെത്തി. കിഷോര്‍എന്നയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചെളിയിൽ മുങ്ങി കിടന്ന അക്ബറിനെ അവർ ആദ്യം കുളിപ്പിക്കുകയാണ് ചെയ്തത്. 

പിന്നീട് കിഷോറിന്റെ വീട്ടിലെത്തി പശുക്കളെ സുരക്ഷിത സ്ഥലത്തെത്തിക്കാനുള്ള വാഹനം ഏർപ്പാടാക്കി. അതിനുശേഷം വാഹനം നിർത്തിയത് ചായക്കടയുടെ മുന്നിലാണ്. അക്ബർ വേദന കൊണ്ട് പുളയുകയായിരുന്നു അപ്പോൾ. 

cow-murder

അതു കേട്ടിട്ടും ചായ ആവശ്യപ്പെട്ടിട്ട് പശുക്കളെ കൊണ്ടു പോകുന്ന വണ്ടി കാത്ത് അവർ അവിടെ കുറേ നേരം നിന്നു. എന്നിട്ട് പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ അക്ബറിനെ വകവയ്ക്കാതെ പശുക്കളെ സമീപത്തുള്ള ഗോശാലയിൽ കൊണ്ടാക്കാൻ മുൻകൈ എടുക്കുകയായിരുന്നു. വെളുപ്പിന് നാലു മണിയോടെയാണ് അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. എന്നിട്ടാണ് ഇത് സംഭവിച്ചതെന്നാണ് ഡോക്ടർ പറയുന്നത്. 

പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ രാജേന്ദ്ര ചൗധരി എന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ മറുപടി ഇതായിരുന്നു. 'എനിക്ക് ആ കേസിന്റെ ചാർജ് ഇന്നലെയാണ് ലഭിക്കുന്നത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വസ്തുതകൾ മനസിലാക്കുന്നതേ ഉള്ളൂ. സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കുകയാണ്'.

ആല്‍വാര്‍ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് അക്ബറിനെ അക്രമികള്‍തല്ലിക്കൊന്നത്. സുഹൃത്ത് അസ്ലം ഖാനൊപ്പമാണ് അക്ബർ പശുവിനെ വാങ്ങി മടങ്ങിയത്. അക്ബർ പശുക്കളുമായി നടന്ന് വരികയായിരുന്നു. എന്നാല്‍ഗ്രാമത്തില്‍മടങ്ങിയെത്തുന്നതിന് മുന്‍പ് ഗോസംരക്ഷണ ഗുണ്ടകള്‍ഇരുവരേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. കല്ലും മരക്കമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 

രാജസ്ഥാനിലെ നിയമജ്ഞനായ ഗ്യാൻദേവ് അഹുജ പറയുന്നത് അക്ബറിന്റെ മരണം ആൾക്കൂട്ടത്തിന്റെ ആക്രമണം മാത്രം കാരണമല്ല മറിച്ച് പൊലീസിന്റെ അനാസ്ഥ മൂലവുമാണെന്നാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ ഖേദം അറിയിച്ചു. കുറ്റക്കാരെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും ഉറപ്പു നൽകി.

MORE IN INDIA
SHOW MORE