എയിംസില്‍ നേട്ടം കൊയ്ത് ചവറുപെറുക്കുന്ന അച്ഛന്‍റെ മകൻ: ഈ മിടുക്കന് കയ്യടി

asharam-mbbs
SHARE

ഇതാ അപൂര്‍വ സുന്ദരമായ ഒരു വിജയത്തിന്‍റെ കഥ. എഐഐഎംഎസ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടി ജോധ്പൂരിൽ എംബിബിഎസ് ചെയ്യുന്ന ആശാറാമിന്‍റെ വിജയകഥയ്ക്ക് പത്തരമാറ്റാണ്. ആശാറാം ആരാണ് എന്നറിയുക. മധ്യപ്രദേശിലെ ദെവാസ് ജില്ലയില്‍ പാഴ്‍വസ്തുക്കൾ പെറുക്കി ഉപജീവനമാർഗം കണ്ടെത്തിയ പിതാവിന്‍റെ മകന്‍. വെളിച്ചവും വൈദ്യുതിയും ഒന്നുമില്ലാതെയാണ് ആശാറാം വീട്ടിലിരുന്ന് പഠിച്ച് ഈ നേട്ടം കരസ്ഥമാക്കിയത്. ആദ്യത്തെ ശ്രമത്തിൽ തന്നെ 707–ാം റാങ്ക് കരസ്ഥമാക്കിയാണ് പ്രവേശനം നേടിയത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ഇവിടേക്കുള്ള പ്രവേശനപരീക്ഷ ഏറ്റവും കടുപ്പമേറിയതും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷ എഴുതുന്നത്. അതിൽ 0.35 ശതമാനം പേർ മാത്രമാണ് വിജയിക്കുന്നതും. ഏറ്റവും മികച്ച വിദ്യാർത്ഥികളാണ് ഇവിടെ പഠനത്തിനായി എത്തുന്നത്. അത്തരത്തിൽ ഒരു മിടുക്കനാണ് ആശാറാം ചൗധരി. 


മാതാപിതാക്കൾക്കും നവോദയാ വിദ്യാലയയ്ക്കും സാമ്പത്തിക സഹായം നൽകിയ ദക്ഷിണ ഫൗണ്ടേഷനുമാണ് ഈ അവസരത്തിൽ ആശാറാം നന്ദി പറയുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഗ്രാമത്തിലെ ഡോക്ടറാണ് തനിക്ക് പ്രചോദനമായത്. അദ്ദേഹത്തിനെ തേടി എല്ലാവരും പോകുന്നു. എല്ലാവരിൽ നിന്നും ലഭിക്കുന്ന ബഹുമാനവും മികച്ച ജീവിതരീതിയുമൊക്കെ എന്നെ ആകർഷിച്ചു. അന്ന് ഡോക്ടറാകണമെന്ന് ഉറപ്പിച്ചു. ആശാറാം പറയുന്നു.വിജയത്തിലേക്കുള്ള പാത അത്ര സുഖകരമല്ല. പരീക്ഷകൾ അടുക്കുമ്പോൾ ദിവസം മുഴുവൻ പഠിക്കും. 2 മുതൽ 3 മണിക്കൂർ മാത്രമാണ് ഉറങ്ങുക. പരിശ്രമിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. ആശാറാം വിജയത്തിന്റെ രഹസ്യം വ്യക്തമാക്കി.

MORE IN INDIA
SHOW MORE