ആ ആലിംഗനം രാഷ്ട്രീയമല്ല; സംസ്കാരം: ഹഗ് ട്രെന്‍ഡിങ്ങായി: ട്രോളുകളും

modi-rahul-hug
SHARE

ആ ആലിംഗനവും പിന്നെ ആ കണ്ണിറുക്കലും നിമിഷങ്ങൾ കൊണ്ട് സോഷ്യൽ ലോകത്ത് വേറിട്ട ആശയങ്ങളിൽ നിറയുകയാണ്. മോദി–രാഹുൽ ആലിംഗനം സമൂഹമാധ്യങ്ങളില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍  നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത്.

ആലിംഗനത്തെ അനുകൂലിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഏറെയും പ്രതികരണങ്ങള്‍. രാഹുല്‍ രാഷ്ട്രീയ പക്വത നേടിയതിന്‍റെ പ്രതിഫലനമാണ് ഇതെന്ന് ചിലര്‍‌ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ഗിമ്മിക്കുകള്‍ രാഹുലും പഠിച്ചെന്ന് വേറെ ചിലര്‍. ഈ ആശ്ലേഷത്തില്‍ തെളിഞ്ഞത് രാഷ്ട്രീയമല്ല, സംസ്കാരമാണെന്നാണ് മറ്റൊരു പക്ഷം. എതിരാളികൾക്കും ഹൃദയത്തിൽ ഇടംകൊടുക്കുന്ന ഇന്ത്യയുടെ സംസ്കാരമാണ് ഇതെന്നാണ് വാദം. കെട്ടിപ്പിടുത്തവും ചില സമയങ്ങളില്‍ ഒരു രാഷ്ടീയ പ്രവര്‍ത്തനമാണ് എന്ന് പ്രഖ്യാപിക്കുന്നു മറ്റുചിലര്‍.

rahul-modi-hug-1

വല്ലപ്പോഴും ഇന്ത്യയിലെത്തുന്ന പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷത്തിലാണ് കെട്ടിപ്പിടിച്ചതെന്ന് ഒരു പക്ഷം ട്രോളര്‍മാര്‍ അച്ചുനിരത്തുന്നു. ഒന്നു പറഞ്ഞിട്ട് കെട്ടിപ്പിടിച്ചിരുന്നേല്‍ നല്ലൊരു പോസ് ചെയ്യാമെന്ന് ചിന്തിക്കുന്ന മോദിയും ട്രോളുകളിൽ നിറയുന്നു. ആശയദാരിദ്രത്തിൽ കഷ്ടപ്പെടുന്ന ട്രോളൻമാർക്ക് കിട്ടിയ മഴക്കാല ആശ്വാസമായി മോദി–രാഹുൽ ആലിംഗനം. വിഡിയോയായും ട്രോളായും ഇൗ രസക്കാഴ്ച നിറയുന്നു. 

modi-rahul-hug-2

മോദിക്ക് തന്റെ കണ്ണിൽ നോക്കാൻ പോലും ഭയമാണെന്നും രാഹുല്‍‌ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്നമില്ല. കോണ്‍ഗ്രസുകാര്‍ എന്ന് പറയുന്നത് എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണ് എന്ന് ഞാന്‍ പഠിച്ചത് ബിജെപിക്കാരില്‍ നിന്നാണെന്നും അതിന് എന്നും കടപ്പാടുണ്ടെന്നും അദ്ദേഹം കയ്യടികള്‍ക്കിടെ പറഞ്ഞു.

രൂക്ഷ വിമര്‍ശനങ്ങളുള്ള പ്രംസംഗം പൂര്‍ത്തിയാക്കിയ ഉടനായിരുന്നു രാഹുല്‍ പ്രധാനമന്ത്രിയെ അരികില്‍ പോയി ആലിംഗനം ചെയ്തു കൈ നല്‍കിയത്. മോദിയും അപ്രതീക്ഷിത നീക്കത്തിൽ പെട്ടെന്ന് പകച്ചെങ്കിലും നിറചിരിയോടെ രാഹുലിനെ എതിരേറ്റു. പിരിമുറുക്കങ്ങൾക്കിടയിലും പാർലമെന്റ് അംഗങ്ങളുടെ മുഖത്ത് ചിരി വിരിയിക്കാനായി ഇൗ രംഗങ്ങൾക്ക്.

MORE IN INDIA
SHOW MORE