പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധി :കുമാരസ്വാമി

rahul-kumara
SHARE

കോൺഗ്രസ്  അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യനെന്ന് കർണാടക മുഖ്യമന്ത്രി എച്ച്് ഡി കുമാരസ്വാമി. പ്രതപക്ഷ പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്നും സഖ്യസർക്കാരിന്റെ ഭരണമാണ് മികച്ചതെന്ന് ഇന്ത്യയുടെ ചരിത്രം നോക്കിയാല്‍ മനസിലാകുമെന്നും കുമാരസ്വാമി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പരമാവധി പിന്തുണയ്ക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

കർണാടകയിലെ സഖ്യസർക്കാർ പൂർണ വിജയമാണെന്നും തുടക്കത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും കുമാരസ്വാമി വ്യക്തമാക്കുന്നു. സർക്കാരിനിടയിൽ ഭിന്നാഭിപ്രായം ഉണ്ട് എന്നത് ബിജെപിയുടെ കെട്ടുകഥ മാത്രമാണ്. കോൺഗ്രസ് സഖ്യം ആവശ്യപ്പെടുകയും എനിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുകയും ചെയ്തതിന്റെ ലക്ഷ്യം വ്യക്തമാണ്. അത് അഞ്ചു വർഷത്തേക്കുള്ള കരാറാണ്. അതിൽ ഇനി മാറ്റം ഒന്നും ഉണ്ടാകില്ല. ചില കോൺഗ്രസ് നേതാക്കൾക്ക് ഇതിൽ അതൃപ്തി ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ അത് ഈ സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. കുമാരസ്വാമി പറഞ്ഞു.

കഴിഞ്ഞദിവസം പൊതുവേദിയിൽ വച്ച് പൊട്ടിക്കരഞ്ഞ സംഭവത്തെക്കുറിച്ചും കുമാരസ്വാമി വിശദീകരിച്ചു. അത് കോൺഗ്രസോ മറ്റ് പ്രതിപക്ഷ പാർട്ടികളോ കാരണമല്ല. എന്റെ കുടുംബത്തെപ്പോലെ കരുതുന്ന പാർട്ടി പ്രവർത്തകർക്ക് മുമ്പിലാണ് ഞാൻ വിതുമ്പിയത്. സർക്കാരിനെതിരെ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. മാധ്യമങ്ങൾ അവർക്ക് ഒത്താശ ചെയ്യുന്നുമുണ്ട്. അത് എന്നെ നിരാശനാക്കുന്നു. ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് കുറച്ചെങ്കിലും അംഗീകാരം എനിക്ക് ലഭിക്കണമെന്നും കുമാരസ്വാമി പറയുന്നു. 

MORE IN INDIA
SHOW MORE