സമ്മര്‍ദതന്ത്രവുമായി ശിവസേന; സർക്കാർ അനുകൂല വിപ്പ് പിന്‍വലിച്ചു; ബിജെപിക്ക് വിമർശനം

modi-uddhav-thackeray
SHARE

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ അപ്രതീക്ഷിത നീക്കവുമായി ശിവസേന. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് നിര്‍ദേശിക്കുന്ന വിപ്പ് പിന്‍വലിച്ചു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്  പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്ന് എംപിമാര്‍ അറിയിച്ചു. ബിജെപിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചു. സര്‍ക്കാരിനെ സമര്‍ദത്തിലാക്കുന്ന നീക്കമാണ് ശിവസേനയുടേത്. പ്രതിപക്ഷത്തുനിന്ന് പിന്തുണ കൂട്ടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ശിവസേന എതിര്‍ത്തുവോട്ടുചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ തിരിച്ചടിയാകും. 

അതേസമയം, അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍.ഡി.എ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്‍റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ െഎക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്‍റിലെ ബലപരീക്ഷണം.  അതേസമയം ജനാധിപത്യത്തിലെ സുപ്രധാനദിനമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ക്രിയാത്മകവും തടസങ്ങളില്ലാത്തുമായ ചര്‍ച്ച സഭയില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റില്‍ പറയുന്നു . 

ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബി.ജെ.പിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സഖ്യ 268. 348 ലധികം വോട്ടാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്. രാവിലെ 11 ന് തന്നെ പ്രമേയം പരിഗണിക്കും. 

സര്‍ക്കാരിന്‍റെ വീഴ്ച്ചകളും ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ അന്ത:രീക്ഷവും തുറന്നുകാട്ടാനാകും പ്രതിപക്ഷം ശ്രമിക്കുക. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മറുപടി പ്രസംഗം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആയുധങ്ങള്‍ നിറഞ്ഞതായിരിക്കും. 

ബിജെപി അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ സ്പീക്കര്‍ വാരിക്കോരി സമയം നല്‍കിയിട്ടുണ്ട്. ബിജെപിക്ക് മൂന്നുമണിക്കൂര്‍ 33 മിനിറ്റ് സമയം അനുവദിച്ചപ്പോള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ടിഡിപിക്ക് കിട്ടിയത് 13 മിനിറ്റാണ്. കോണ്‍ഗ്രസിന് 38 മിനിറ്റും ബിജെഡിക്ക് 15 മിനിറ്റും അണ്ണാഡിഎംകെയ്ക്ക് 29 മിനിറ്റും ശിവസേനയ്ക്ക് 14 മിനിറ്റും അനുവദിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE