മോദിക്ക് കണ്ണില്‍ നോക്കാന്‍ ഭയം; ആഞ്ഞടിച്ച രാഹുല്‍ മോദിയെ ആശ്ലേഷിച്ചു: വിഡിയോ

modi-rahul-4
SHARE

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു. അവിശ്വാസ പ്രമേയ ചര്‍ച്ച തുടരുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും റാഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ രാജ്യത്തോട് കള്ളം പറഞ്ഞെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ആരോപിച്ചു. ആദ്യം അമ്പരന്ന മോദി പിന്നീട് ചിരിയോടെ എതിരേറ്റു. സഭയ്ക്കുള്ളില്‍ നാടകം വേണ്ടെന്നായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍റെ പ്രതികരണം.

റാഫേല്‍ വിമാനഇടപാടില്‍  രഹസ്യ ഉടമ്പടിയുണ്ടെന്ന നിലപാട് കള്ളമാണ്. പ്രധാനമന്ത്രി രാജ്യത്തോട് ഇക്കാര്യം വിശദീകരിക്കണം. രഹസ്യ ഉടമ്പടിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് നേരിട്ടുപറഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിക്കാണ് കരാര്‍ നല്‍കിയത്.  മോദിക്കും അമിത് ഷായ്ക്കും അധികാരമില്ലാതെ നിലനില്‍പ്പില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. അധികാരം പോയാല്‍ പല നടപടികളും നേരിടേണ്ടിവരും. ഇതുഭയന്നാണ് എതിര്‍ശബ്ദങ്ങളെ തച്ചുതകര്‍ക്കാന്‍ ഇരുവരും ശ്രമിക്കുന്നത്. സ്ത്രീകളും ദലിതരും ആക്രമിക്കപ്പെടുമ്പോള്‍ മോദിക്ക് മൗനമാണെന്നും രാഹുല്‍‌ തുറന്നടിച്ചു.  

മോദിക്ക് തന്റെ കണ്ണിൽ നോക്കാൻ പോലും ഭയമാണെന്നും രാഹുല്‍‌ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്നമില്ല. കോണ്‍ഗ്രസുകാര്‍ എന്ന് പറയുന്നത് എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണ് എന്ന് ഞാന്‍ പഠിച്ചത് ബിജെപിക്കാരില്‍ നിന്നാണെന്നും അതിന് എന്നും കടപ്പാടുണ്ടെന്നും അദ്ദേഹം കയ്യടികള്‍ക്കിടെ പറഞ്ഞു. രൂക്ഷ വിമര്‍ശനങ്ങളുള്ള പ്രംസംഗം പൂര്‍ത്തിയാക്കിയ ഉടനായിരുന്നു രാഹുല്‍ പ്രധാനമന്ത്രിയെ അരികില്‍ പോയി ആലിംഗനം ചെയ്തു കൈ നല്‍കിയത്.  

എന്നാല്‍ രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗംതടസപ്പെടുത്താന്‍ ബിജെപി എം.പിമാര്‍ ശ്രമിച്ചതോടെ ലോക്സഭ പത്തുമിനിറ്റു നേരം നിര്‍ത്തിവച്ചു. പിന്നീട് ചർച്ച പുനരാരംഭിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേല്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അവിശ്വാസം അതിജീവിക്കാനുള്ള അംഗബലം സര്‍ക്കാരിനുണ്ടെങ്കിലും സഖ്യകക്ഷിയായ ശിവസേന സഭ ബഷ്ക്കരിച്ചത് തിരിച്ചടിയായി. അതേസമയം പ്രതിപക്ഷ നിരയിലെ ബിജെഡി ചര്‍ച്ചകള്‍ക്ക് മുന്‍‌പേ ഇറങ്ങിപ്പോയത് ബിജെപിക്ക്  ആശ്വാസവുമായി. വൈകീട്ട് പ്രധാനമന്ത്രി ചര്‍ച്ചകള്‍ക്ക് മറുപടി പറയും.

ടിഡിപി അംഗം കെ ശ്രീനിവാസ് സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചു. ടിഡിപി അംഗമായ ജയ്ദേവ് ഗല്ലയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബിജെപിക്കെതിരെ ആഞ്ഞടിച്ച ജയ്ദേവ് ഗല്ല ആന്ധ്രപ്രദേശിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് ആരോപിച്ചു. അഴിമതിക്കെതിരായ മോദിയുടെ നിലപാടില്‍ സംശയമുണ്ട്. 

പ്രമേയം പരിഗണനയ്ക്ക് എടുക്കുന്നതിന് മുന്‍പെ ബിജെഡി അംഗങ്ങള്‍ സഭ വിട്ടിറങ്ങി. യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും ഒഡീഷയോട് അനീതി കാണിച്ചുവെന്നാണ് ബിജെഡിയുടെ ആരോപണം. ചര്‍ച്ച നടക്കുന്ന ഏഴ് മണിക്കൂറില്‍ ബിജെപിക്ക് മൂന്ന് മണിക്കൂര്‍ മുപ്പത്തിമൂന്ന് മിനിറ്റ് ബിജെപിക്ക് അനുവദിക്കുകയും മറ്റ് പാര്‍ട്ടികളോട് വിവേചനം കാണിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മൂന്ന് പേര്‍ കോണ്‍ഗ്രസില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് കുഭകോണങ്ങളുടെ രാഷ്ട്രീയമാണ് കളിച്ചിരുന്നതെന്ന് ബിജെപി അംഗം രാകേഷ് സിങ് ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി. ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ട്വീറ്റ് ചെയ്തത്. സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിരുന്ന ശിവസേന ഇന്ന് രാവിലെ ബിജെപിക്കെതിരായ സമ്മര്‍ദ തന്ത്രങ്ങളുടെ ഭാഗമായി മലക്കം മറിയുകയായിരുന്നു. ബിജെഡിയും ശിവസേനയും വിട്ടുനിന്നതോടെ സഭയിലെ അംഗബലം സ്പീക്കറെ ഒഴിവാക്കി 495 ആയി. അവിശ്വാസം മറികടക്കാന്‍ 248 വോട്ടുവേണം.  

MORE IN BREAKING NEWS
SHOW MORE