ഇതാ അവിശ്വാസ പ്രമേയം; ഈ ചരിത്രം പതിനഞ്ചാണ്ടിന് ശേഷം: ആകാംക്ഷ പലത്

modi-rahul
SHARE

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യത്തെ അവിശ്വാസപ്രമേയം. ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കാത്തതാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതിന് ടിഡിപി ഉന്നയിച്ച കാരണം. ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍, ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍‍, പട്ടികജാതി പട്ടികവര്‍ഗനിയമം ദുര്‍ബലമാക്കിയത് എന്നീ വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും ആയുധമാക്കി. 

സര്‍ക്കാരിന് പ്രത്യക്ഷത്തില്‍ ഭീഷണിയില്ലെങ്കിലും അവിശ്വാസപ്രമേയത്തിലൂടെ ഐക്യം ഉറപ്പിക്കുക എന്ന വിശാലലക്ഷ്യമാണ് പ്രതിപക്ഷത്തിനുമുന്നിലുള്ളത്. ലോക്സഭാതിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ സര്‍ക്കാരിനെതിരെ ഏറ്റവും ശക്തമായ ആക്രമണത്തിന് വേദി ലഭിക്കും എന്നതാണ് നേട്ടം. ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷനിരയില്‍ നിന്നുകൂടി (BJD, TRS, AIADMK) പിന്തുണ ഉറപ്പിക്കാനായാല്‍ തിരഞ്ഞെടുപ്പൊരുക്കത്തില്‍ ലോട്ടറിയാകും.

നോട്ടിസ് നല്‍കിയതാര് ?

തെലുഗുദേശം എംപി കേസിനേനി ശ്രീനിവാസ് നല്‍കിയ നോട്ടിസാണ് സ്പീക്കര്‍ അനുവദിച്ചത്. കോണ്‍ഗ്രസിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പ്രതിപക്ഷത്തെ പല നേതാക്കളും അവിശ്വാസപ്രമേയനോട്ടിസ് നല്‍കിയിരുന്നെങ്കിലും ആദ്യം ലഭിച്ചത് ശ്രീനിവാസിന്റെ നോട്ടിസ് ആയതുകൊണ്ട് അത് അനുവദിക്കുകയായിരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ നോട്ടിസ് നല്‍കിയെങ്കിലും സഭയിലെ ബഹളം കാരണം പിന്തുണയ്ക്കുന്നവരുടെ എണ്ണമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ നോട്ടിസ് അനുവദിച്ചില്ല. 

കണക്കുകള്‍ ആര്‍ക്കൊപ്പം ?

ലോക്സഭയുടെ ആകെ അംഗസംഖ്യ 543 

ഇപ്പോഴത്തെ അംഗബലം 534

ഭൂരിപക്ഷത്തിനുവേണ്ടത് 268

ബിജെപി 273

എന്‍ഡിഎ 313

loksabha

അസാധാരണ സാഹചര്യങ്ങളുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ സുരക്ഷിതം

എന്താണ് അവിശ്വാസപ്രമേയം ?

സര്‍ക്കാരിന് എല്ലായ്പ്പോഴും ലോക്സഭയില്‍ ഭൂരിപക്ഷപിന്തുണ ഉണ്ടായിരിക്കണം. അത് ഇല്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉപാധിയാണ് അവിശ്വാസപ്രമേയം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും. സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പില്ലാത്ത നിലവരുമ്പോഴാണ് സാധാരണഗതിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാല്‍ മന്ത്രിസഭ രാജിവയ്ക്കണം. ഹാജരുള്ള അംഗങ്ങളില്‍ പകുതിയിലധികംപേര്‍ പിന്തുണച്ചാല്‍ പ്രമേയം പാസാകും. അവിശ്വാസപ്രമേയം ലോക്സഭ തള്ളിയാല്‍ സര്‍ക്കാരിന് തുടരാം. ഇതുപോലെ വിശ്വാസപ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനും അവസരമുണ്ട്.

എന്താണ് നടപടിക്രമം ?

ഏതൊരംഗത്തിനും അവിശ്വാസപ്രമേയം അവതരിപ്പിക്കാം. സ്വാഭാവികമായും സര്‍ക്കാരിനെ എതിര്‍ക്കുന്നവരാകും അവിശ്വാസപ്രമേയം അവതരിപ്പിക്കുക. ലോക്സഭാചട്ടം 198 അനുസരിച്ച് സഭ ചേരുന്ന ദിവസം രാവിലെ 10 മണിക്കുമുന്‍പ് ലോക്സഭാ സെക്രട്ടറി ജനറലിന് രേഖാമൂലം നോട്ടിസ് നല്‍കണം. 10 മണിക്കുശേഷം ലഭിക്കുന്ന നോട്ടിസുകള്‍ പിറ്റേദിവസം ലഭിച്ചതായി കണക്കാക്കും. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് കാരണം വ്യക്തമാക്കേണ്ടതില്ല. 

loksabha

പ്രമേയം പരിഗണിക്കുന്നതെങ്ങനെ ?

പ്രമേയം സഭാചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്പീക്കര്‍ അത് സഭയില്‍ വായിക്കും. 50 ലോക്സഭാംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ നോട്ടിസ് പരിഗണിക്കൂ. നോട്ടിസിനെ പിന്തുണയ്ക്കുന്നവര്‍ എഴുന്നേറ്റുനില്‍ക്കാന്‍ സ്പീക്കര്‍ നിര്‍ദേശിക്കും. ഇത്രയുംപേരുടെ പിന്തുണ ഇല്ലെന്നുവന്നാല്‍ പ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ അംഗത്തെ അറിയിക്കും. പിന്തുണ ഉറപ്പുണ്ടെങ്കില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് തീയതി നിശ്ചയിക്കും. നോട്ടിസ് അംഗീകരിച്ച് 10 ദിവസത്തിനകം പ്രമേയം അവതരിപ്പിക്കണം. എത്രദിവസം ചര്‍ച്ചവേണമെന്നും ഓരോ അംഗത്തിനും എത്രസമയം അനുവദിക്കണമെന്നും സ്പീക്കര്‍ തീരുമാനിക്കും,

വോട്ടെടുപ്പ് ഉണ്ടാകുമോ ?

ചര്‍ച്ച പൂര്‍ത്തിയാകുന്ന ദിവസമോ സ്പീക്കര്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും സമയത്തോ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പുണ്ടാകും. ശബ്ദവോട്ട്, തലയെണ്ണല്‍, ബാലറ്റ് ഉപയോഗിച്ചുള്ള ഡിവിഷന്‍ അങ്ങനെ സ്പീക്കര്‍ക്ക് ഉചിതമെന്നുതോന്നുന്ന മാര്‍ഗങ്ങള്‍ ചട്ടപ്രകാരം ഉപയോഗിക്കാം. പ്രമേയത്തെ അനുകൂലിച്ചാണ് ഭൂരിപക്ഷം വോട്ടുചെയ്യുന്നതെങ്കില്‍ സര്‍ക്കാര്‍ പുറത്താകും. ഭൂരിപക്ഷം എതിര്‍ത്താല്‍ പ്രമേയം തള്ളും.

loksabha

കാലിടറിയത് ആര്‍ക്കെല്ലാം ?

അവിശ്വാസപ്രമേയത്തില്‍ ഇതുവരെ സര്‍ക്കാരുകള്‍ വീണിട്ടില്ല. എന്നാല്‍ വിശ്വാസപ്രമേയം പാസാക്കാന്‍ കഴിയാതെ മൂന്നുസര്‍ക്കാരുകള്‍ക്ക് രാജിവയ്ക്കേണ്ടിവന്നിട്ടുണ്ട്. വിശ്വാസപ്രമേയം പാസാകില്ലെന്നുറപ്പായപ്പോള്‍ വോട്ടെടുപ്പിനുപോകാതെ രാജിവച്ച ചരിത്രവുമുണ്ട്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെയായിരുന്നു എല്ലാം. ചരിത്രം ഇവിടെ ഈ ഗ്രാഫിക്സില്‍ അറിയാം. 

വി.പി.സിങ് 

1989 ഡിസംബര്‍ 21 

വിശ്വാസപ്രമേയം

ശബ്ദവോട്ടില്‍ പാസായി

 

വി.പി.സിങ്

1990 നവംബര്‍ 7

വിശ്വാസപ്രമേയം

151 – 356 ന് പരാജയപ്പെട്ടു

സര്‍ക്കാര്‍ രാജിവച്ചു

 

 

ചന്ദ്രശേഖര്‍

1990 നവംബര്‍ 16

വിശ്വാസപ്രമേയം

280 – 214 ന് പാസായി

 

 

പി.വി.നരസിംഹറാവു

1991 ജൂലൈ 15

വിശ്വാസപ്രമേയം

112 അംഗങ്ങള്‍ വിട്ടുനിന്നു

240 – 109 ന് പാസായി

 

 

എ.ബി.വാജ്പേയ്

1996 മേയ് 28 

വിശ്വാസപ്രമേയം

വോട്ടെടുപ്പിനുമുന്‍പ് രാജിവച്ചു

 

എച്ച്.ഡി.ദേവെഗൗഡ

1996 ജൂലൈ 12

വിശ്വാസപ്രമേയം

ശബ്ദവോട്ടില്‍ പാസായി

 

എച്ച്.ഡി.ദേവെഗൗഡ

1997 ഏപ്രില്‍ 11

വിശ്വാസപ്രമേയം

190 – 338 ന് പരാജയപ്പെട്ടു

സര്‍ക്കാര്‍ രാജിവച്ചു

 

ഐ.കെ.ഗുജ്റാള്‍

1997 ഏപ്രില്‍ 22

വിശ്വാസപ്രമേയം

ശബ്ദവോട്ടില്‍ പാസായി

 

എ.ബി.വാജ്പേയ്

1998 ഏപ്രില്‍ 28 

വിശ്വാസപ്രമേയം

275 – 260 ന് പാസായി

 

എ.ബി.വാജ്പേയ്

1999 ഏപ്രില്‍ 17 

വിശ്വാസപ്രമേയം

269 – 270 ന് പരാജയപ്പെട്ടു

സര്‍ക്ക‍ാര്‍ രാജിവച്ചു

 

MORE IN INDIA
SHOW MORE