കരയിപ്പിച്ച 'വിഷം' കോൺഗ്രസല്ല, അച്ഛൻ പ്രധാനമന്ത്രിയായേക്കും; കുമാരസ്വാമി

kumaraswami
SHARE

'വിഷ'പരാമർശത്തിൽ‌ കൂടുതൽ വിശദീകരണവുമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. താനുദ്ദേശിച്ചത് കോണ്‍ഗ്രസുമായുള്ള ബന്ധത്തിൻറെ കാര്യമല്ലെന്നും തൻറെ വാക്കുകൾ വളച്ചൊടിച്ചെന്നും ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുമാരസ്വാമി വ്യക്തമാക്കി. 

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധമുന്നണി അധികാരത്തിലെത്തിയാൽ അച്ഛൻ എച്ച്‍‍ി ദേവഗൗഡ പ്രധാനമന്ത്രിയായേക്കുമെന്നും കുമാരസ്വാമി പ്രതീക്ഷ പ്രകടിപ്പിച്ചു. 

താൻ കുടിച്ച വിഷം കോൺഗ്രസാണെന്നു പറയുന്നത് കർണാടകയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. ആ വിഷം തൻറെ മുഖ്യമന്ത്രിപദവിയിൽ സന്തോഷവാൻമാരല്ലാത്ത ഒരു വിഭാഗം തരുന്നതാണ്. അതുകൊണ്ടാണ്  കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും മുൻപിൽ വികാരാധീനനായത്. ഒരു വിഭാഗം മാധ്യമങ്ങളും തന്നെ എതിർക്കുന്നു. സംസ്ഥാനത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ആളെ എന്തിനാണ് എതിർക്കുന്നത്? 

ബിജെപി സുഹൃത്തുക്കളിൽ നിന്നും കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരു മുഖ്യമന്ത്രി എന്നതിലുപരി താനൊരു സാധാരണ മനുഷ്യനാണ്. ഇത്തരത്തിലുള്ള വികാരങ്ങൾ ഉണ്ടാകും. കോൺഗ്രസിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. സിദ്ധരാമയ്യ തനിക്കെതിരെ ഒരു തരത്തിലുമുള്ള പ്രചാരണങ്ങളും നടത്തുന്നില്ല, തനിക്ക് ഉപദേശങ്ങൾ തരുന്നുമുണ്ട്. സിദ്ധരാമയ്യയുമായ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും കുമാരസ്വാമി പറഞ്ഞു.  

മുഖ്യമന്ത്രിയായതിനു ശേഷം പാർട്ടി പ്രവർ‌ത്തകർ നടത്തിയ അനുമോദനച്ചടങ്ങിലായിരുന്നു കുമാരസ്വാമി വികാരാധീനനായത്. ഇടറിയും വിതുമ്പിയുമായിരുന്നു പ്രസംഗം. ഞാൻ ഒരു തരത്തിലും സന്തോഷവാനല്ല. കൂട്ടുമന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരിക്കുന്നത് വിഷം വിഴുങ്ങുന്നത് പോലെയാണ്. കാളകൂട വിഷം വിഴുങ്ങിയ ശിവനെ പോലെ ആ വേദന ഞാൻ കുടിച്ചിറക്കുകയാണെന്നാണ് കുമാരസ്വാമി പറ‍ഞ്ഞത്. 

ഏറെ നാടകീയമായിട്ടായിരുന്നു കർണാടകയിൽ ജെഡിഎസ്– കോൺഗ്രസ് സംഖ്യം അധികാരം പിടിച്ചെടുത്തത്. കേവല ഭൂരിപക്ഷം നേടുന്നതിനായുളള മാന്ത്രികസംഖ്യ കടക്കാൻ ബിജെപിക്ക് കഴിയാതെ വന്നതോടെ കോൺഗ്രസ് നടത്തിയ നീക്കമാണ് എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത്.

MORE IN INDIA
SHOW MORE