ആംബുലൻസിൽ കുഞ്ഞ് കുടുങ്ങി; പുറത്തെടുക്കാതെ അലസത; ദാരുണമരണം

child-death-raipur
SHARE

ആ ആംബുലൻസിന്റെ പേരിൽ മാത്രമായിരുന്നു സഞ്ജീവനി. ആ ഡ്രൈവറുടെ തികഞ്ഞ അനാസ്ഥയ്്ക്ക് പകരം നൽകേണ്ടി വന്നത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ.  റായ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞിനെ അത്യാവശ്യമായി ആശുപത്രിയിലെത്തിക്കാൻ സർക്കാരിന്റെ സൗജന്യ ആംബുലൻസ് സർവീസായ സഞ്ജീവനി എക്സ്പ്രസാണ് പിതാവ് വിളിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് കുഞ്ഞ് അതിനകത്തു കുടുങ്ങി.

വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ കുഞ്ഞിന്റെ പിതാവ് ആംബുലൻസിന്റെ ജനാല ചില്ല് തകർക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ സമ്മതിച്ചില്ല. സര്‍ക്കാര്‍ വക സാധനം നശിപ്പിക്കരുതെന്ന് പറഞ്ഞ് അയാൾ തടഞ്ഞു. ഒരു മണിക്കൂറോളം ആംബുലൻസിൽ കുടുങ്ങിയ കുഞ്ഞ് വൈകാതെ ഹൃദയാഘാതം മൂലം മരിച്ചു. കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകവേയായിരുന്നു സംഭവം. ഒരു മണിക്കൂറിനു ശേഷം മെക്കാനിക്കിനെ വിളിച്ചുവരുത്തി വാതില്‍ തുറന്നത്.

ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം റായ്പൂരിലെ ഡോ. ഭീമറാവു അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനായാണ് കുഞ്ഞിനെ കൊണ്ടുവന്നത്. റായ്പൂര്‍ വരെ മാതാപിതാക്കള്‍ കുഞ്ഞുമായി എത്തിയത് ട്രെയിനിലായിരുന്നു. രാവിലെ റായ്പൂരില്‍ എത്തിയ കുട്ടിയുടെ പിതാവ് അംബികാ കുമാര്‍ അവിടെ നിന്ന് ആശുപത്രിയിേലക്ക് പോകാനാണ് ആംബുലൻസ് വിളിച്ചത്. 

അതേസമയം ആംബുലന്‍സിന്റെ ഭാഗത്ത് നിന്നും പിഴവുകള്‍ പറ്റിയിട്ടില്ലെന്നാണ് ജീവകാരുണ്യ സമിതിയുടെ വാദം. കുഞ്ഞ് മരിച്ചാണ് ആംബുലന്‍സില്‍ കയറ്റിയതെന്നും ഇവര്‍ ആരോപിക്കുന്നു. കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ സാഹചര്യത്തില്‍ മാതാപിതാക്കള്‍ അനാവശ്യമായി സമയം കളയുകയായിരുന്നെന്നും ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

MORE IN INDIA
SHOW MORE