ആ കട്ടൗട്ടുകള്‍ ഇപ്പോള്‍ പാടത്ത് തലയുയുര്‍ത്തി; നോക്കുകുത്തികളായി

karnataka-cutout
SHARE

തിരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നടന്ന കോലാഹങ്ങൾ രാജ്യം മുഴുവനും ഒറ്റുനോക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കർണാടക അത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു. പൊടിപാറുന്ന പ്രചാരണമാണ് ബിജെപിയും കോൺഗ്രസും നടത്തിയത്. കോടികൾ പൊടിച്ചുള്ള ഉശിരൻ പ്രകടനം എന്നാൽ പെട്ടി തുറന്നപ്പോൾ ഇരുവരും കാറ്റുപോയ ബലൂൺ പോലെ ആയി എന്നത് സത്യം.

കോണ്‍ഗ്രസ് ജെഡിയു സഖ്യമായി മാറിയതോടെ ഉണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍  ബിജെപിയെ തള്ളി ജെഡിയു നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രി സഭ രൂപീകരിച്ച് ഭരണം ആരംഭിച്ചു. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും  മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന യെദ്യൂരപ്പയുടെയും പേരിലായിരുന്നു ബിജെപി പ്രചാരണം കൊഴുപ്പിച്ചത്. ഇതിന്‍റെ ഭാഗമായി കൂറ്റന്‍ കട്ടൗട്ടുകളാണ് കന്നഡ മണ്ണിൽ വേരുറപ്പിച്ചത്. എന്നാൽ പിന്നീട് ഇൗ കട്ടൗട്ടുകള്‍ക്കെല്ലാം എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടിയപ്പോഴാണ് ഇതെല്ലാം ഇപ്പോഴും തലയുയർത്തി നിൽക്കുന്നുവെന്ന് അറിയുന്നത്.ഉത്തരം നൽകിയത് കർണാടകത്തിലെ കർഷകരാണ്. 

മോദിയും അമിത് ഷായും യഡിയൂരപ്പയുമെല്ലാം ആ തലയെടുപ്പ് കൊണ്ട് ഒാടിക്കുന്നത് രാഷ്ട്രീയ എതിരാളികളെയല്ല മറിച്ച് പാടത്ത് വിള തിന്നാനെത്തുന്ന പക്ഷികളെയാണ്. കൃഷിയിടങ്ങളിലെത്തുന്ന പക്ഷികളെ തുരത്താനുള്ള നോക്കുകുത്തികളായാണ് ഇപ്പോൾ പലയിടത്തും ഈ കട്ടൗട്ടുകള്‍ ഉപയോഗിക്കുന്നത്.  ലക്കവള്ളി ഹൊബ്ലിയിലാണ് കൂടുതല്‍ കട്ടൗട്ടുകള്‍ ഇത്തരത്തില്‍ കൃഷിയിടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

നല്ല മഴ ലഭിച്ച സാഹചര്യത്തില്‍ വിത നേരത്തെ പൂര്‍ത്തിയായിരുന്നു. വിതച്ച വിത്തുകള്‍ സംരക്ഷിക്കാനാണ് കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ മാത്രമല്ല കൃഷിയിടങ്ങളില്‍ നോക്കു കുത്തിയായതെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റു പലയിടത്തും കോണ്‍ഗ്രസ് നേതാക്കളുടെ കട്ടൗട്ടുകളും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ പ്രചരിച്ചതോടെ കൃഷിയിടങ്ങളില്‍ സെല്‍ഫിയെടുക്കാനും ചിത്രങ്ങളെടുക്കാനും ആളുകള്‍ എത്താറുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

MORE IN INDIA
SHOW MORE