ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഒര് അറസ്റ്റ് കൂടി

student-death-t
SHARE

കോയമ്പത്തൂരില്‍ ദുരന്ത നിവാരണ പരിശീലനത്തിനിടെ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പരിശീലകനായ അറുമുഖത്തിന് വ്യാജസര്‍ട്ടിഫിക്കറ്റുകളുണ്ടാക്കാന്‍ സഹായിച്ച അശോകിനെയാണ് അറസ്റ്റ് ചെയ്തത്. സഹപരിശീലകര്‍ ഉള്‍പ്പെടെ മറ്റ്  നാലുപേരെ  കസ്റ്റഡിയിലുമെടുത്തു. ദുരന്തനിവാരണ പരിശീലനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യാജ സംഘങ്ങളെ കേന്ദ്രീകരിച്ച്  പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി അറുമുഖത്തെ ഈ മാസം ഇരുപത്തിയേഴുവരെ കോയമ്പത്തൂര്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അപകടത്തില്‍ നിന്നും രക്ഷപെടാനുള്ള ദുരന്ത നിവാരണ പരിശീലനത്തിനിടെയാണ് ഇന്നലെ ലോകേശ്വരി എന്ന വിദ്യാര്‍ഥിനി മരണപ്പെട്ടത്. ചാടാന്‍ മടിച്ച വിദ്യാര്‍ഥിനിയെ പരിശീലകനായ അറുമുഖം തള്ളിയിടുകയായിരുന്നു. പോളിയോ ബാധിച്ച് ഒരു കാലിന് സ്വാദീനക്കുറവുള്ള അറുമുഖം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. ദുരന്തനിവാരണ പരിശീലനത്തിനായി വ്യാജസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവിധ കോളജുകളില്‍ ഇത്തരം സംഘങ്ങള്‍ പരിശീലനം നല്‍കിവരുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അറുമുഖത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണ മാഫിയകളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കാന്‍ സഹായിച്ച അശോക് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ സാഹായി ദമോദര്‍ കസ്റ്റഡിയിലുമാണ്. അറുമുഖത്തിന്‍റെ സഹപരിശീലകരായ ഗോവിന്ദരാജ്, സതീഷ് കുമാര്‍, വനിത എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ഇത്തരത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചതിന് ഭാരതിയാര്‍ സര്‍വകലാശാല കോയമ്പത്തൂര്‍ നരസിപുരം കലൈമകള്‍ കോളജിനോട് വിശദീകരണം തേടിയിട്ടുണ്ട്.

MORE IN INDIA
SHOW MORE